
ന്യൂഡല്‍ഹി: അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പകുതിയോളം ഉത്പന്നങ്ങള്‍ക്കുള്ള നികുതി വെട്ടിക്കുറച്ചേക്കും. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്ന വ്യാപാര ചര്‍ച്ചകളുടെ ഭാഗമായാണ് നികുതി കുറയ്ക്കുന്നത്.
എതാണ്ട് 230 കോടി ഡോളറോളം ( ഏകദേശം 19,703 കോടി രൂപ) മൂല്യം വരുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കാണ് നികുതി കുറയ്ക്കലിന്റെ ആനുകൂല്യം ലഭിക്കുക. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഈടാക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമിതനികുതി ചുമത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഈടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ അമിതനികുതി ചുമത്തുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയാല്‍ അത് രാജ്യത്തെ കയറ്റുമതിയേയും ഉത്പാദകരേയും ദോഷകരമായി ബാധിക്കും. അതിന്റെ ആഘാതം പരമാവധി കുറയ്ക്കുന്നതിന് വേണ്ടിയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള നികുതി കുറയ്ക്കാനൊരുങ്ങുന്നത്.
ഏപ്രില്‍ രണ്ടുമുതലാണ് പകരച്ചുങ്കം അമേരിക്ക ഏര്‍പ്പെടുത്തി തുടങ്ങുക. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള 87 ശതമാനം കയറ്റുമതിയേയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ പ്രത്യാഘാതം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ നികുതി ചുമത്തുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതിയില്‍ 55 ശതമാനത്തോളം കുറവ് വരുത്താനാണ് ശ്രമം.
ചിലതിന് നികുതി കുത്തനെ കുറയ്ക്കുന്നതിന് പുറമെ ചിലതിന് മേലുള്ള നികുതി പൂര്‍ണമായും ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എല്ലാ ഉത്പന്നങ്ങള്‍ക്കും നികുതി കുറയ്ക്കുന്നതിന് പകരം തിരഞ്ഞെടുത്ത മേഖലകളിലുള്ള ഉത്പന്നങ്ങള്‍ക്ക് മാത്രം നികുതി കുറയ്ക്കുന്നതും പരിഗണനയിലുണ്ട്.
ഇന്ത്യയുമായി അമേരിക്കയ്ക്ക് 456 കോടി ഡോളറിന്റെ വ്യാപാര കമ്മിയാണ് ഉള്ളത്. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇന്ത്യയ്ക്കതിരെ നികുതി യുദ്ധം പ്രഖ്യാപിച്ചത്.
അമേരിക്കയില്‍നിന്ന് ധാരാളമായി ഇറക്കുമതി ചെയ്യുന്ന ബദാം, പിസ്ത, ഓട്ട്‌സ്, ക്വിനോവ തുടങ്ങിയവയ്ക്ക് നികുതി വെട്ടിക്കുറച്ചേക്കും. എങ്കിലും ഇറച്ചി, ചോളം, ഗോതമ്പ്, പാലുത്പന്നങ്ങള്‍ എന്നിവയ്ക്കുമേലുള്ള നികുതി കുറയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. വാഹനങ്ങള്‍ക്ക് മേലുള്ള നികുതി പതിയെ കുറച്ചുകൊണ്ടുവന്നേക്കാം. നിലവില്‍ 100% നികുതിയാണ് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചുമത്തുന്നത്.
ഇന്ത്യയ്ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തിയാല്‍ മരുന്ന്, വാഹനം, ഇലക്ടോണിക് ഉപകരണങ്ങള്‍, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ കയറ്റുമതിയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള നികുതി കൂട്ടിയാല്‍ അമേരിക്കന്‍ കമ്പനികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണക്കാരെ ആശ്രയിക്കും. ഇതിന്റെ പ്രയോജനം ലഭിക്കുക ഇന്തൊനേഷ്യ, വിയറ്റ്‌നാം, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാകും. തങ്ങളുടെ എല്ലാ ഉത്പന്നങ്ങള്‍ക്കും നികുതി കുറയ്ക്കണമെന്നുള്ള സമ്മര്‍ദ്ദമാണ് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക ചെലുത്തുന്നത്.