ഓക്‌ലന്‍ഡ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 307 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 306 റണ്‍സടിച്ചത്. അവസാന പത്തോവറില്‍ 96ഉം അവസാന അഞ്ചോവറില്‍ 56ഉം റണ്‍സടിച്ചാണ് ഇന്ത്യ 300 കടന്നത്. മലയാളി താരം സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തത്തപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിംഗ്‌ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 23.1 ഓവറില്‍ 124 റണ്‍സടിച്ചു. എന്നാല്‍ അര്‍ധസെഞ്ചുറി പിന്നിട്ടതിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിനെ(65 പന്തില്‍ 50), ലോക്കി ഫെര്‍ഗൂസനും ശിഖര്‍ ധവാനെ(77 പന്തില്‍ 72) ടിം സൗത്തിയും വീഴ്ത്തിയതോടെ ഇന്ത്യ ഒന്ന് പരുങ്ങി. വണ്‍ ഡൗണായി എത്തിയ ശ്രേയസ് അയ്യര്‍ റിഷഭ് പന്തുമൊത്ത്(23 പന്തില്‍ 15) ഇന്ത്യയെ 150 കടത്തിയെങ്കിലും പന്തിനെയും, സൂര്യകുമാര്‍ യാദവിനെയും(4) ഒരേ ഓവറില്‍ മടക്കി ലോക്കി ഫെര്‍ഗൂസന്‍ വീണ്ടും ഇന്ത്യക്ക് പൂട്ടിട്ടു.
ആറാം നമ്പറില്‍ ക്രീസിലിറങ്ങിയ സഞ്ജു ശ്രേയസുമൊത്തെ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 94 റണ്‍സടിച്ചു. ഇന്ത്യയെ 45 ാം ഓവറില്‍ 250 കടത്തിയശേഷം ആദം മില്‍നെയുടെ പന്തില്‍ ഫിന്‍ അലന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ സഞ‌്ജു പുറത്തായി. നാല് ബൗണ്ടറികളടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്.
സ്പിന്‍ ഓള്‍ റൗണ്ടറായി ക്രീസിലിറങ്ങിയ വാഷിംഗ്‌ടണ്‍ സുന്ദര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ 300 കടന്നു. 75 പന്തില്‍ 80 റണ്‍സെടുത്ത അയ്യര്‍ അവസാന ഓവറില്‍ പുറത്തായപ്പോള്‍ പന്തില്‍ റണ്‍സെടുത്ത സുന്ദറിന്‍റെ ഇന്നിംഗ്സ് ഇന്ത്യയയെ 300 കടത്തുന്നതില്‍ നിര്‍ണായകമായി.
കിവീസിനായി ലോക്കി ഫെര്‍ഗൂസന്‍ 10 ഓവറില്‍ 59 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി 10 ഓവറില്‍ 73 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.