ന്യൂഡല്‍ഹി: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കൈക്കൂലി ഒഴുകുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പൊതുസേവനങ്ങള്‍ക്കായി ആളുകള്‍ സ്വകാര്യ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി അന്താരാഷ്ട്ര അഴിമതി നിരീക്ഷണ വിഭാഗത്തിന്റേതാണ് കണ്ടെത്തല്‍. ഏഷ്യയിലെ ആഗോള അഴിമതി ബാരോമീറ്ററില്‍ 50 ശതമാനം പേരും ആവശ്യങ്ങള്‍ക്ക് കൈക്കൂലി കൊടുക്കുന്നതായും ഇവരില്‍ 32 ശതമാനം സേവനത്തിന് മാത്രമല്ല തങ്ങളുടെ മക്കു കാര്യങ്ങള്‍ക്കും വ്യക്തി ബന്ധങ്ങള്‍ ഉപയോഗിക്കുന്നതായി പറയുന്നു.
ജൂണ്‍ 17 നും ജൂലൈ 17 നും ഇടയില്‍ 2000 പേരിലായിരുന്നു സര്‍വേ നടത്തിയത്. ഈ മേഖലയിലെ ഏറ്റവും കൂടിയ കൈക്കൂലി നിരക്ക് 39 ശതമാനവും പൊതു സേവനങ്ങള്‍ക്ക് വ്യക്തിബന്ധങ്ങള്‍ ഉപയോഗിക്കുന്നത് 46 ശതമാനവുമാണ്. പൊതുസേവനങ്ങള്‍ക്ക് കൈക്കൂലി വാങ്ങുന്ന രീതി ഒരു പ്ളേഗ് പോലെ പടരുന്ന ഇന്ത്യയില്‍ കൈക്കൂലി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പിന്നീട് ബുദ്ധിമുട്ട് സഹിക്കേണ്ടി വരുമെന്ന് ഭയക്കുന്നവര്‍ 63 ശതമാനമാണ്. അതുപോലെ തന്നെ കൈക്കൂലിയായി ലൈംഗികചൂഷണത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലും ഇന്ത്യ മുന്നിലാണ്.
മലേഷ്യയും തായ്ലാന്റും ശ്രീലങ്കയും ഇന്തോനേഷ്യയുമെല്ലാം ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കൊപ്പമുണ്ട്. ഈ രാജ്യങ്ങളിലെല്ലാം ഈ നിരക്ക് ഏറെ മുന്നിലാണ്. കാര്യം നടത്താന്‍ ലൈംഗികത പകരം ചോദിക്കുന്ന രീതികള്‍, ലൈംഗികത നേടിയ ശേഷം അതിന്റെ ദൃശ്യങ്ങള്‍ വെച്ചുള്ള ഭീഷണിമുഴക്കല്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വെച്ചുള്ള ലൈംഗികത നേടല്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു.
സര്‍ക്കാര്‍ മേഖലകളിലെ അഴിമതിയാണ് ഇന്ത്യയില്‍ 89 ശതമാനവും ഏറ്റവും വലിയ പ്രശ്നമായി കരുതുന്നത്. വോട്ടിന് വേണ്ടി കൈക്കൂലി വാഗ്ദാനം ചെയ്യപ്പെടുന്നത് 18 ശതമാനമുണ്ട്. ലൈംഗിക ചൂഷണം കൈക്കൂലിയാകുന്നതിന്റെ നിരക്ക് 11 ശതമാനമാണ്. അഴിമതി തുടച്ചു നീക്കാന്‍ മെച്ചപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടെന്ന് 63 ശതമാനം വിശ്വസിക്കുമ്പോള്‍ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചമാണെന്ന് 73 ശതമാനം പേരും കരുതുന്നു. 17 രാജ്യങ്ങളിലായി 20,000 പേരാണ് മൊത്തത്തില്‍ സര്‍വേയുടെ ഭാഗമായത്.
സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്ന് പേരും അഴിമതിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് കരുതുന്നു. കഴിഞ്ഞ വര്‍ഷം പൊതു സേവനങ്ങളായ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിനും വേണ്ടി അഞ്ചിലൊന്ന് പേരും കൈക്കൂലി നല്‍കാന്‍ വിധേയരായവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കൈക്കൂലി കാര്യത്തില്‍ ഒന്നാമത് ഇന്ത്യയാണെങ്കില്‍ തൊട്ടുപിന്നില്‍ 37 ശതമാനവുമായി കംബോഡിയയാണ് രണ്ടാമത്. അതിന് പിന്നില്‍ 30 ശതമാനവുമായി ഇന്തോനേഷ്യയും പിന്നാലെ മാലദ്വീപും ഉണ്ട്. 12 ശതമാനം വരുന്ന നേപ്പാള്‍, 10 ശതമാനം വരുന്ന ദക്ഷിണ കൊറിയ എന്നിവരും കൈക്കൂലി വരുമ്പോള്‍ പട്ടികയില്‍ പിന്നാലെ വരുമ്പോള്‍ ഏറ്റവും കുറവ് കൈക്കൂലി ജപ്പാനിലാണ്. വെറും രണ്ടു ശതമാനം മാത്രം.