CricketNewsSports

ബുംറയ്ക്ക് വിജയത്തുടക്കം,അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

ഡബ്ലിന്‍: 11 മാസങ്ങള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് ക്യാപ്റ്റനായി മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയ്ക്ക് ജയത്തോടെ തുടക്കം. മഴ കളിമുടക്കിയ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സില്‍ നില്‍ക്കേ കനത്ത മഴയെത്തി. മത്സരം പുനരാരംഭിക്കാന്‍ സാധിക്കാത്ത തരത്തില്‍ മഴ കനത്തതോടെ കളി ഉപേക്ഷിച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ (23 പന്തില്‍ 24), തിലക് വര്‍മ (0) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഋതുരാജ് ഗെയ്ക്‌വാദ് (16 പന്തില്‍ 19*), സഞ്ജു സാംസണ്‍ (1*) എന്നിവര്‍ പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി (1-0).

നേരത്തേ ഒരു ഘട്ടത്തില്‍ ആറിന് 59 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഐറിഷ് ടീമിനെ ഏഴാം വിക്കറ്റില്‍ ഒന്നിച്ച കര്‍ട്ടിസ് കാംപെര്‍ – ബാരി മക്കാര്‍ത്തി സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. എട്ടാമനായി ഇറങ്ങി തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത മക്കാത്തി വെറും 33 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 51 റണ്‍സോടെ പുറത്താകാതെ നിന്നു. ഇന്നിങ്‌സിന്റെ അവസാന പന്തില്‍ അര്‍ഷ്ദീപ് സിങ്ങിനെ സിക്‌സറിന് പറത്തിയാണ് താരം 50 തികച്ചത്. കാംപെറിനൊപ്പം 57 റണ്‍സും താരം കൂട്ടിച്ചേര്‍ത്തു. കാംപെര്‍ 33 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 39 റണ്‍സെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് ആദ്യ ഓവറില്‍ തന്നെ ആന്‍ഡ്ര്യു ബാല്‍ബിര്‍ണിയേയും (4), ലോര്‍കന്‍ ടക്കറിനെയും (0) നഷ്ടമായി. ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെ ഹാരി ടെക്ടര്‍ (9), ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങ് (11), ജോര്‍ജ് ഡോക്‌റെല്‍ (1), മാര്‍ക്ക് അഡയര്‍ (16) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ടീം പ്രതിരോധത്തിലായി. പിന്നീടായിരുന്നു കാംപെര്‍ – മക്കാര്‍ത്തി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം.

ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button