റാഞ്ചി: ഇരുഭാഗത്തേക്കും മാറിമറഞ്ഞ ടെസ്റ്റിന്റെ അന്തിമ ഫലം ഇന്ത്യക്കനുകൂലം. റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു. സ്‌കോര്‍ ഇംഗ്ലണ്ട് – 353, 145. ഇന്ത്യ – 307, 192/ 5. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയിലായിരുന്ന ഇന്ത്യ, 36 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചു വിക്കറ്റുകള്‍ കളഞ്ഞു. പിന്നീട് ശുഭ്മാന്‍ ഗില്ലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യക്ക് സ്വന്തം (3-1). ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ, പിന്നീടുള്ള മൂന്ന് ടെസ്റ്റുകളും ജയിക്കുകയായിരുന്നു. ബാസ് ബോള്‍ കാലത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ധരംശാലയില്‍.
ഇംഗ്ലണ്ടിനുവേണ്ടി ഷുഐബ് ബഷീര്‍ മൂന്ന് വിക്കറ്റുകള്‍ നേടി. രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റുകള്‍ നേടി ഷുഐബ് ബഷീറാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പന്തിയില്‍. ഇന്ത്യക്കായി അശ്വിന്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ആറ് വിക്കറ്റ് നേടി.
ശുഭ്മാന്‍ ഗില്‍ 52 റണ്‍സും ധ്രുവ് ജുറേല്‍ 37 റണ്‍സും നേടി പുറത്താവാതെ നിന്നു. രോഹിത് ശര്‍മയും (55) അര്‍ധ സെഞ്ചുറി നേടി. 44 പന്തില്‍ 37 റണ്‍സുമായി യശസ്വി ജയ്‌സ്വാള്‍ ആദ്യം പുറത്തായി. ജോ റൂട്ടിന്റെ പന്തില്‍ ജെയിംസ് ആന്‍ഡേഴ്‌സന് ക്യാച്ച് നല്‍കിയാണ് മടക്കം. ടീം സ്‌കോര്‍ 99-ല്‍ നില്‍ക്കേ, ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കി രോഹിത് ശര്‍മയും മടങ്ങി. ടോം ഹാര്‍ട്ട്‌ലിക്കാണ് വിക്കറ്റ്. പിന്നാലെയെത്തിയ രജത് പാട്ടിദര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. ഷുഐബ് ബഷീറിന്റെ പന്തില്‍ ഒലീ പോപ്പിന് ക്യാച്ച് നല്‍കി മടങ്ങി (പൂജ്യം). രോഹിത് ശര്‍മയും (55) അര്‍ധ സെഞ്ചുറി നേടി. രവീന്ദ്ര ജഡേജ (4), സര്‍ഫറാസ് ഖാന്‍ (പൂജ്യം) എന്നിവരും പുറത്തായി.
ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി ഉള്‍പ്പെടെ 133 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ജോറൂട്ടാണ് റണ്‍ വേട്ടക്കാരില്‍ മുന്‍പില്‍. രണ്ട് ഇന്നിങ്‌സുകളിലാുമായി ധ്രുവ് ജുറേല്‍ 120 റണ്‍സ് നേടി. ഇന്ത്യ ഏറ്റവും അപകടം പിടിച്ചു നില്‍ക്കുന്ന സമയത്തായിരുന്നു ധ്രുവേലിന്റെ രണ്ട് ഇന്നിങ്‌സുകളും.
നേരത്തേ ഇംഗ്ലണ്ട് ജോ റൂട്ടിന്റെ സെഞ്ചുറി ബലത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തിരുന്നു. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ ആകാശ് ദീപും രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് ഇംഗ്ലണ്ടിനെ 353-ല്‍ നിര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 307 റണ്‍സെടുക്കുന്നതിനിടെ പത്തു വിക്കറ്റും നഷ്ടമായി. ഇതോടെ ഇന്ത്യ 46 റണ്‍സിന് പിറകിലായി.
ഒരു ഘട്ടത്തില്‍ 177-ല്‍ ആറ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിന്റെ മനസ്സാന്നിധ്യമുള്ള ഇന്നിങ്‌സാണ് (90 റണ്‍സ്) മുന്നൂറ് കടത്തിയത്. യശസ്വി ജയ്‌സ്വാള്‍ 73 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിന്റെ ഷുഐബ് ബഷീറാണ് ഇന്ത്യയെ 307-ല്‍ ഒതുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. അഞ്ച് വിക്കറ്റാണ് ഷുഐബിന്റെ നേട്ടം. ടോം ഹാര്‍ട്ട്‌ലി മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ നേടി.
എന്നാല്‍, രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ആദ്യത്തേതുപോലെ പ്രകടനം കാഴ്ചവെയ്ക്കാനായില്ല. വെറും 145 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടവും കുല്‍ദീപ് യാദവിന്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലണ്ടിനെ 150 പോലും കടക്കാനാവാത്ത വിധത്തില്‍ തകര്‍ത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 60 റണ്‍സ് നേടിയ ഓപ്പണര്‍ സാക് ക്രോലി മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ കാര്യമായി പിടിച്ചുനിന്നത്. 53.5 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് കളിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിവസം സ്റ്റമ്പെടുത്തപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സ് എന്ന നിലയിലായിരുന്നു.