കടബാധ്യത; എല്ലാം വിറ്റു; കാവേരിയുടെ വിവാഹബന്ധം തകർന്നതിന് കാരണം
കൊച്ചി:മലയാളത്തിൽ ഒരുകാലത്ത് വലിയ ജനപ്രീതി നേടിയ നടിയാണ് കാവേരി. കല്യാണി എന്ന പേരിലും മറ്റ് ഭാഷകളിൽ കാവേരി അറിയപ്പെടുന്നു. ബാലതാരമായാണ് കാവേരി സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ കണ്ട കുഞ്ഞു കാവേരി ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. യാത്രയുടെ അന്ത്യം, വേമ്പനാട്, മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങിയ സിനിമകളിൽ കാവേരി ബാലതാരമായെത്തി.
കുഞ്ഞു നാൾ മുതലെ കാവേരിയെ കാണുന്നതിനാൽ നായികയായപ്പോഴും പ്രത്യേക മമത നടിയോട് പ്രേക്ഷകർക്കുണ്ടായിരുന്നു. നിരവധി സിനിമകളിൽ നായികാ വേഷവും സഹനായികാ വേഷവും കാവേരി ചെയ്തിട്ടുണ്ട്. 2000 മുതലാണ് കാവേരി മറുഭാഷകളിൽ കൂടുതലായി ശ്രദ്ധ നേടിയത്. തമിഴ്, തെലുങ്ക് സിനിമകളിൽ തിരക്കുള്ള നടിയായി കാവേരി മാറി.
പ്രത്യേകിച്ചും തെലുങ്കിൽ വൻ ആരാധകവൃന്ദം സൃഷ്ടിക്കാൻ കാവേരിക്ക് കഴിഞ്ഞു. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിൽ അറിയപ്പെട്ട കാവേരിയെ ഇപ്പോൾ ലൈം ലൈറ്റിൽ അധികം കാണാറില്ല. തെലുങ്ക് സംവിധായകൻ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. എന്നാൽ പിന്നീടിവർ വേർപിരിഞ്ഞു.
നടി സുചിതയുടെ സഹോദരനാണ് സൂര്യ കിരൺ. സൂര്യ കിരണിനും കാവേരിക്കും ഇടയിൽ സംഭവിച്ചതെന്തെന്ന് തുറന്ന് പറയുകയാണ് സുചിതയിപ്പോൾ. ഒരു തെലുങ്ക് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ചേട്ടൻ വിവാഹിതനായി മൂന്ന് വർഷം കഴിഞ്ഞാണ് ഞാൻ വിവാഹം ചെയ്യുന്നത്. അന്ന് മിക്കപ്പോഴും ഞാൻ ഷൂട്ടിംഗ് തിരക്കുകളിലായിരിക്കും. ഹൈദരാബാദിൽ വരുമ്പോൾ ചേട്ടനെ നേരിട്ട് കാണാറായിരുന്നു പതിവ്.
അന്ന് കല്യാണി (കാവേരി) വലിയ താരമാണ്. കല്യാണിക്കൊപ്പമിരിക്കാൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഞങ്ങൾ സഹോദരിമാരെ പോലെയായി. പക്ഷെ സാമ്പത്തിക പ്രശ്നങ്ങൾ ചേട്ടന്റെയും കല്യാണിയുടെയും ജീവിതത്തെ ബാധിച്ചെന്ന് സുചിത പറയുന്നു. സാമ്പത്തിക പ്രശ്നങ്ങൾ അധിക കാലം നീണ്ട് നിൽക്കാൻ പാടില്ല. അത്തരം പ്രശ്നങ്ങൾ വന്നാൽ ബാലൻസ് ചെയ്യാൻ ദമ്പതികളിൽ ഒരാൾക്ക് കഴിയണം. രണ്ട് പേരും അനാവശ്യമായി വലിയ പ്രശ്നങ്ങളിലേക്ക് പോയി.
സിനിമാ നിർമാണത്തിലേക്ക് അവർ കടന്നു. എനിക്കും ചേട്ടനും എട്ട് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. അദ്ദേഹത്തെ ഉപദേശിക്കാൻ എനിക്ക് പറ്റില്ലായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചതിനാൽ ചേട്ടൻ എനിക്കത് അച്ഛനെ പോലെയാണ്. അദ്ദേഹത്തെ കുറച്ച് പേടിയുമാണ്. അവർ നിർമിച്ച സിനിമ പരാജയപ്പെട്ടു. കനത്ത നഷ്ടം സംഭവിച്ചു. അതാണ് അവരെ ബാധിച്ച പ്രശ്നം. കടബാധ്യതകൾ വന്നു. എല്ലാം വിറ്റു. കേരളത്തിൽ നല്ലൊരു പ്രോപ്പർട്ടി ഉണ്ടായിരുന്നു. അതും വിൽക്കേണ്ടി വന്നു.
സിനിമ ചൂതാട്ടം പോലെയാണ്. എല്ലാവർക്കും വിജയിക്കാൻ പറ്റില്ല. ഒരു സിനിമയ്ക്ക് വേണ്ടി മുഴുവൻ പണവും ചെലവിടുന്നത് മണ്ടത്തരമാണെന്നും സുചിത പറഞ്ഞു. നിരവധി മലയാളം തമിഴ് സിനിമകളിൽ അഭിനയിച്ച സുചിത ഇന്ന് തമിഴ് സീരിയലുകളിലേക്കാണ് ശ്രദ്ധ നൽകുന്നത്. തമിഴ് ഫിലിം മേക്കർ ധനുഷിനെയാണ് സുചിത വിവാഹം ചെയ്തത്. ധൻവിൻ എന്ന മകനും ദമ്പതികൾക്ക് ജനിച്ചു. ചെന്നെെയിലാണ് കുടുംബസമേതം സുചിത താമസിക്കുന്നത്.
2019 ൽ യാത്ര എന്ന സിനിമയിലാണ് കാവേരി അവസാനമായി അഭിനയിച്ചത്. പിന്നീട് ചില സീരിയലുകളും ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെങ്കിലും നടി ഇതിലും സജീവമല്ല. അഭിമുഖങ്ങളിലോ ഷോകളിലോ ഇപ്പോൾ കാവേരിയെ കാണാറില്ല.