ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുകയാണ്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രണ്ടാഴ്ചയിലേറെയായി കൊവിഡ് കണക്കുകൾ ഉയർന്നുനിൽക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,411 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 4,38,68,476 ആയി ഉയർന്നു.
രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,50,100 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,997 ആയി. കൊവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒടിരവേളയ്ക്ക് ശേഷം പ്രതിദിന കേസുകൾ 700 കടന്നു. ഗുജറാത്ത്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപനം കടുക്കുകയാണ്.
അതേസമയം, കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. മരണങ്ങൾ വൈകി കൂട്ടിച്ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും മരണസംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നൽകുന്നുവെന്ന് കേന്ദ്രസർക്കാർ കത്തിൽ പറയുന്നു. എന്നാൽ മരണങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കാൻ എടുക്കുന്ന പ്രക്രിയയിലെ സ്വാഭാവിക വൈകൽ മാത്രമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നതിന് പിന്നിലെന്ന് കേരളം മറുപടി നൽകി.
അതേസമയം, കൊവിഡിന് പിന്നാലെ മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊവിഡിന് ശേഷം ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന ആദ്യ രോഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് അടിയന്തിര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് രോഗത്തെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു കൊണ്ട് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.