35.3 C
Kottayam
Tuesday, April 16, 2024

ലൈഫ് സയന്‍സസ് പാര്‍ക്കില്‍ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം ഉദ്ഘാടനം ഇന്ന്‌

Must read

തിരുവനന്തപുരം: തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം ഇന്ന്‌ വൈകീട്ട് 4ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് കൈമാറുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയില്‍ ഐ.എ.വി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ സമര്‍പ്പണവും നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിര്‍വഹിക്കും. സംസ്ഥാനത്തെ വൈറോളജി പരിശോധനകളും ഗവേഷണങ്ങളും ഇതോടെ കൂടുതല്‍ ഏളുപ്പമാകും.

രോഗനിര്‍ണയത്തിനൊപ്പം, ദേശീയ – അന്തര്‍ദേശീയ പ്രാധാന്യമുള്ള അതിനൂതന ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും ലാബില്‍ നടക്കും. ഭാവിയില്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള വൈറസുകളെപ്പറ്റി പഠിക്കാനും ഗവേഷണം നടത്താനും ലാബിലൂടെ കഴിയും.

80,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടത്തിന്റെ നിര്‍മാണം കെഎസ്‌ഐഡിസി പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ആകെ 22 ലാബുകളാണ് കെട്ടിടത്തില്‍ സജ്ജീകരിക്കുന്നത്. നിലവില്‍ ബയോ സേഫ്റ്റി-2 കാറ്റഗറിയിലുള്ള 16 ലാബുകള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്.

16 ലാബുകളില്‍ എട്ട് ലാബുകള്‍ പൂര്‍ത്തിയായി. ബാക്കി എട്ടെണ്ണം ഈ സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാവും. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിനുകള്‍, ആന്റി-വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറസ് ആപ്ലിക്കേഷനുകള്‍, വൈറസ് എപ്പിഡെമിയോളജി, വൈറസ് ജീനോമിക്‌സ്, ബേസിക് ആന്‍ഡ് ജനറല്‍ വൈറോളജി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാബുകളാണ് ഇനി കെട്ടിടത്തില്‍ ഒരുങ്ങുന്നത്.

കൂടാതെ, കുരങ്ങുപനി ഉള്‍പ്പടെ എണ്‍പതോളം വൈറല്‍ രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന വിപുലമായ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സൗകര്യങ്ങള്‍ ലാബുകളില്‍ ഉണ്ടാകും. ബിഎസ്എല്‍-3 ലാബുകളുള്ള മറ്റൊരു വിഭാഗത്തിന്റെ നിര്‍മാണവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി, ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കും. ഈ ലാബുകളില്‍ കോവിഡും പേവിഷബാധയും പരിശോധിക്കാന്‍ കഴിയുംവിധം ആധുനിക സൗകര്യങ്ങള്‍ ഐ.എ.വി സജ്ജമാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week