ബ്രിട്ടനിൽ വെടിവെപ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു,അക്രമി സ്വയം ജീവനൊടുക്കി
പ്ലൈമൗത്ത്, ബ്രിട്ടന്‍: ബ്രിട്ടനിലെ പ്ലൈ മൗത്തിലെ പാര്‍ക്കില്‍ 22കാരന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ദാരുണ സംഭവം. പമ്പ് ആക്ഷന്‍ ഷോര്‍ട്ട് ഗണ്‍ ഉപയോഗിച്ച് ആറ് മിനിറ്റ് നേരമാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. തോക്ക് സ്വന്തമായി കൈവശമുള്ളവര്‍ നന്നേ കുറവായതിനാല്‍ ബ്രിട്ടനില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്തരമൊരു സംഭവമെന്നും പൊലീസ് വ്യക്തമാക്കി.
അക്രമിയായ 22കാരന്‍ ജാക്ക് ഡേവിസണ്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. ഇയാള്‍ ക്രെയിന്‍ ഓപ്പറേറ്ററായിരുന്നു. കുടുംബരമായ പ്രശ്‌നങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. വെടിവെപ്പിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്താണ് വ്യക്തമായിട്ടില്ല. ഭീകരവാദബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല.
അക്രമിയുടെ പശ്ചാത്തലവും കമ്പ്യൂട്ടറും പരിശോധിച്ചപ്പോള്‍ അത്തരമൊരു സാധ്യത കാണുന്നില്ലെന്ന് ഡെവന്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് ചീഫ് കോണ്‍സ്റ്റബിള്‍ ഷോണ്‍ സോയര്‍ പറഞ്ഞു. വെടിയേറ്റ് രണ്ടുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.