മലപ്പുറം: കോളേജിൽ സംഘടിപ്പിച്ച ഡി ജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞു വീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലെ ഡി ജെ പാർട്ടിക്കിടെ ആണ് സംഭവം. 10 വിദ്യാർത്ഥിനികൾ ആണ് കുഴഞ്ഞുവീണത്.
വിദ്യാർത്ഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിഭ്രാന്തരായി. കോളേജിലെ ഫ്രഷേഴ്‌സ് ഡേയോട് അനുബന്ധിച്ചു ശനിയാഴ്ച നടത്തിയ പാർട്ടിയിലാണ് വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണത്.
സംഘം ചേർന്നുള്ള ആഘോഷത്തിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും പിന്നാലെ കുഴഞ്ഞു വീണതും. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. പരിപാടി നടക്കുന്നതിന് ഇടയിൽ ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീണു.
ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ കുട്ടിയും കുഴഞ്ഞുവീണു. ഇതോടെ കോളേജ് അധികൃതരും പരിഭ്രാന്തിയിലായി. അധികം വൈകാതെ കൂടുതൽ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് കുഴഞ്ഞു വീണു. ഒൻപത് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചശേഷം കൂടെ വന്ന ഒരു പെൺകുട്ടി ആശുപത്രിയിൽ വച്ചും കുഴഞ്ഞു വീണു. ഡിഗ്രി വിദ്യാർത്ഥിനികളായ പ്രതീഷ്മ (20), സൂര്യ (19), നിഷിത (20), നയന (19), ജസീന (20), നന്ദന (20), നിഖില (20), ഹർഷ (20), തൗഫിയ (19), സിദ്ധി (19) തുടങ്ങിയവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.
എല്ലാവരുടെയും രക്ത പരിശോധന നടത്തി. ആരുടെയും നില ഗുരുതരമല്ലെന്ന് കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളെ വരവേൽക്കുന്നതിനാണ് ഫ്രഷേഴ്‌സ് ഡേ നടത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു ഡി ജെ പാർട്ടി നടത്തിയത്.ടാർപോളിൻ ഉപയോഗിച്ച് പ്രത്യേക സൗകര്യം ഒരുക്കിയാണ് ഡി ജെ പാർട്ടിക്ക് സ്ഥലം സൗകര്യം ഏർ പ്പെടുത്തിയത് .
ഇവിടെ വച്ചായിരുന്നു വിദ്യാർത്ഥികളുടെ പാട്ടും ഡാൻസും. ശബ്‍ദ ക്രമീകരണത്തിനു വേണ്ടിയാണ് ടാർപോളിൻ ഉപയോഗിച്ച് മറച്ചതെന്ന് അധ്യാപകർ പറയുന്നു. ഇതിനകത്ത് ചൂട് കൂടിയതും ഏറെസമയം നൃത്തം ചെയ്തതുമാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് അധ്യാപകർ പറയുന്നത്.