കൊച്ചിയില്‍ ശുചീകരണ തൊഴിലാളിയെ കാർ ഇടിച്ചിട്ട് കടന്നു കളഞ്ഞു; ദൃശ്യങ്ങൾ പുറത്ത്
കൊച്ചി : കൊച്ചി കലൂരിൽ ശുചീകരണ തൊഴിലാളിയെ ഇടിച്ചു കടന്നുകളഞ്ഞ കാർ കണ്ടെത്താനായില്ല. ഇക്കഴിഞ്ഞ ഏഴാം തിയതി പുലർച്ചെ മൂന്ന് മണിയോടെ കലൂർ എളമക്കര മാരുതി സ്വാമി റോഡിൽ വച്ച് അപകടമുണ്ടായത്. എളംകുളം സ്വദേശിയായ നിഷയെയാണ് കാർ ഇടിച്ചിട്ട് കടന്നു കളഞ്ഞത്. അപകടത്തിൽ നിഷയ്ക്ക് നട്ടെല്ലിനും കാലിനും പരിക്കേറ്റിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അമിത വേഗതയിലായിരുന്നു കാർ. ശുചീകരണ തൊഴിലാളിയായ നിഷ മാലിന്യം എടുക്കാൻ ഉന്തുവണ്ടിയുമായി പോകുന്നതിനിടെയാണ് കാർ വന്നിടിക്കുന്നത്. ഒഴിഞ്ഞുമാറാൻ നിഷ ശ്രമിച്ചെങ്കിലും കാർ ഇടിച്ചിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എറണാകുളം രജിസ്ട്രേഷനിലുള്ളതാണ് കാർ.
വീണു കിടന്ന നിഷയോട് കാറിൽ നിന്നിറങ്ങിയ ആൾ ആശുപത്രിയിൽ പോകണമോ എന്ന് ചോദിച്ചു, വേണമെന്ന് പറഞ്ഞപ്പോൾ ഇയാൾ കാറിൽ കയറി ഓടിച്ചു പോവുകയായിരുന്നുവെന്ന് നിഷ പറയുന്നു. നിഷയുടെ ഭർത്താവ് മാരിയപ്പൻ ഇതേ ഉന്തുവണ്ടിയിൽ നിഷയെ കയറ്റിയിരുത്തി എളമക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. അവിടെ നിന്നാണ് നിഷയെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. തുടർന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയായിരുന്നു.
നോർത്ത് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത എഫ്.ഐ.ആറിൽ ഇടിച്ച വാഹനത്തിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ വാഹന ഉടമയും അമ്മയും നോർത്ത് സ്റ്റേഷനില‍്‍ ഹാജരായിരുന്നുവെന്നും എന്നാൽ ആശുപത്രിയിലേക്ക് വന്നിട്ടില്ലെന്നും ആരും തന്റെ മൊഴിയെടുക്കാൻ എത്തിയില്ലെന്നും നിഷ വ്യക്തമാക്കുന്നു.