ആയിരത്തോളം അഴിമതി വിരുദ്ധ സേനാംഗങ്ങള്‍ വീട്ടിലേക്ക് ഇരച്ചു കയറി; ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്‍
സോള്‍: ദക്ഷിണ കൊറിയയില്‍ ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ അറസ്റ്റില്‍. രാജ്യത്തു പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനാണ് അഴിമതിവിരുദ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ യൂന്‍ സുക് യോലിനെ അറസ്റ്റ് ചെയ്തതെന്നാണ് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ്. ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണു യൂനിനെ അറസ്റ്റ് ചെയ്തതെന്നാണു സൂചന.
വസതിക്കു മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടന്നു. അറസ്റ്റും രേഖപ്പെടുത്തി. ജനുവരി 3ന് യൂനിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. അന്ന് അറസ്റ്റ് ചെയ്യാനെത്തിയ അഴിമതി അന്വേഷണ ഓഫിസ് ഉദ്യോഗസ്ഥരെ പ്രസിഡന്റിന്റെ അംഗരക്ഷകരും പട്ടാളവും ചേര്‍ന്നു തടയുകയായിരുന്നു. അന്ന് 6 മണിക്കൂറോളം നീണ്ട സംഘര്‍ഷത്തിനുശേഷം വാറന്റ് നടപ്പാക്കാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയിരുന്നു.
യുഎസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിന് അറസ്റ്റില്‍നിന്നു ലഭിച്ച പരിരക്ഷ തനിക്കും ലഭിക്കണമെന്നാണ് യൂന്‍ ആവശ്യപ്പെട്ടിരുന്നത്. പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചത് അട്ടിമറി ശ്രമമാണെന്നു വിലയിരുത്തിയ ഡിസ്ട്രിക്ട് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാസം മൂന്നിനു യൂന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് 6 മണിക്കൂറിനുള്ളില്‍ പിന്‍വലിച്ചു. പട്ടാളനിയമം നടപ്പാക്കാന്‍ ശ്രമിച്ചതിനു പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയം 14ന് പാര്‍ലമെന്റ് പാസാക്കി.
ഇതോടെയാണ് പ്രസിഡന്റ് പുറത്തായത്. പട്ടാളനിയമം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ദക്ഷിണ കൊറിയ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയത്. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പ്രസിഡന്റാണ്.
അറസ്റ്റ് തടയാന്‍ ഇത്തവണയും വസതിക്കു മുന്നില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അകത്തു കടക്കുകയായിരുന്നു. പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയില്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായിരുന്ന യൂന്‍ സൂക് യോലിനെ ഇംപീച്ച് ചെയ്തത്.
പാര്‍ലമെന്റില്‍ എംപിമാര്‍ പ്രസിഡന്റിനെ ഇംപിച്ച് ചെയ്യുന്നതിനായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 204 എംപിമാരാണ് അനുകൂലിച്ചത്. 85 എംപിമാര്‍ എതിര്‍ത്തു. ഇതോടെ സൂക് യോലിന്റെ എല്ലാ പ്രസിഡന്‍ഷ്യല്‍ അധികാരങ്ങളും റദ്ദ് ചെയ്യപ്പെട്ടു. പാര്‍ലമെന്റിലും തെരുവിലും കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പട്ടാളനിയമം പിന്‍വലിക്കാന്‍ പ്രസിഡന്റ് നിര്‍ബന്ധിതനാവുകയായിരുന്നു. ഇതിന് പിന്നാലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റിനെതിരെ നിയമമന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇതാണ് അറസ്റ്റിന് കാരണമായത്.
ഏപ്രിലില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെ 300 സീറ്റില്‍ 192 എണ്ണവും പ്രതിപക്ഷം നേടിയതോടെ പ്രസിഡന്റും പാര്‍ലമെന്റുമായുള്ള ബന്ധം ഉലഞ്ഞു തുടങ്ങിയിരുന്നു. പാര്‍ലമെന്റില്‍ യൂന്‍ കൊണ്ടുവന്ന പല ബില്ലുകളും ഭൂരിപക്ഷമില്ലാതെ പാസാകാത്ത സ്ഥിതിയുണ്ടായതോടെ അകല്‍ച്ച രൂക്ഷമായി.
ഭാര്യയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം നിഷേധിച്ചതില്‍ ഉള്‍പ്പെടെ യൂനിനു എതിരെ പ്രതിഷേധം ശക്തമായിരുന്നു. ട്ടാളനിയമം പ്രഖ്യാപിച്ചതിനു തൊട്ടുപിറകേ അവതരിപ്പിച്ച ആദ്യ പ്രമേയം, ഭരണകക്ഷി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നു വിജയിച്ചിരുന്നില്ല. പട്ടാളനിയമം പ്രഖ്യാപിച്ചതില്‍ പ്രസിഡന്റിനൊപ്പംതന്നെ വലിയ പങ്കുള്ള മുന്‍ പ്രതിരോധമന്ത്രി കിം യോങ് ഹ്യുന്‍ ജയിലിലാണ്. പ്രധാനമന്ത്രി ഹാന്‍ ഡക്‌സു ആക്ടിങ് പ്രസിഡന്റ് ആയി സ്ഥാനമേറ്റു. യൂനിനെതിരെ ഭരണഘടനാ കോടതി പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചു.
രണ്ടാം ലോക യുദ്ധത്തിനു ശേഷം ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ നടന്ന രക്തരൂക്ഷിത യുദ്ധത്തെത്തുടര്‍ന്ന് ജനറല്‍ പാര്‍ക് ചുങ് ഹീ പട്ടാള അട്ടിമറിയിലൂടെ ദക്ഷിണ കൊറിയയില്‍ അധികാരത്തിലെത്തിയിരുന്നു. എതിര്‍ശബ്ദങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തിയ അദ്ദേഹം 1960 മുതല്‍ 1979 വരെ ദക്ഷിണ കൊറിയ ഭരിച്ചു. അദ്ദേഹത്തിനുശേഷം അധികാരത്തിലെത്തിയ ചുന്‍ ഡൂ വാനും സമാനനയങ്ങള്‍ തുടര്‍ന്നു.
ജനാധിപത്യ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് 1987ല്‍ ദക്ഷിണ കൊറിയയില്‍ ഏകാധിപത്യ ഭരണത്തിന് സമ്പൂര്‍ണ അന്ത്യമായതും രാജ്യത്തു ജനാധിപത്യം ബലപ്പെട്ടതും. ഉത്തര കൊറിയയുമായി ചേര്‍ന്ന് പ്രതിപക്ഷം രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നെന്ന നുണപ്രചാരണമാണ് ഏകാധിപത്യ ഭരണത്തെ ന്യായീകരിക്കാന്‍ മുന്‍ പട്ടാള ഭരണാധികാരികള്‍ ഉപയോഗിച്ചത്. പുറത്താക്കപ്പെട്ട പ്രസിഡന്റ് യൂന്‍ സുക് യോല്‍ പ്രതിപക്ഷത്തിനെതിരെ പ്രയോഗിച്ചതും ഇതേ നയമായിരുന്നു.
ദക്ഷിണ കൊറിയയില്‍ എഴുപതിലേറെ ഇടങ്ങളില്‍ സൈനികത്താവളങ്ങളുള്ള അമേരിക്ക സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. കാല്‍ ലക്ഷത്തോളം അമേരിക്കന്‍ സൈനികര്‍ ദക്ഷിണ കൊറിയയിലുണ്ട്.