FeaturedHome-bannerKeralaNews

അനധികൃത കെട്ടിടനിർമാണം; പിഴയടച്ച് പരിഹരിക്കാം, കടുത്ത വ്യവസ്ഥകളോടെ ചട്ടങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: അനധികൃതകെട്ടിടങ്ങൾ ക്രമവത്കരിക്കാൻ ഫീസ് നിശ്ചയിച്ച് കടുത്ത വ്യവസ്ഥകളോടെ ചട്ടങ്ങൾ പുറത്തിറക്കി. 2019 നവംബർ ഏഴിനുമുമ്പ് നിർമിച്ചതോ കൂട്ടിച്ചേർത്തതോ പുനർനിർമിച്ചതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമീകരിക്കുക. 1000 രൂപമുതൽ പതിനായിരത്തിന് മുകളിൽവരെ ഫീസുണ്ട്. പഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്കുമാത്രമാണ് വിജ്ഞാപനമായത്.

കെട്ടിടത്തിന്റെ ഒരുഭാഗം മാത്രമാണ് അനധികൃതമെങ്കിലും കെട്ടിടത്തിന്റെ ആകെ വിസ്തീർണം കണക്കാക്കി പിഴ നൽകണം. റോഡിൽനിന്ന് നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയായിരിക്കും ഫീസ്.

വിജ്ഞാപനംചെയ്ത റോഡുകളിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധിയില്ലാത്ത കെട്ടിടങ്ങളും ക്രമവത്കരിക്കാം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. മുൻവർഷങ്ങളിൽ 60 ചതുരശ്രമീറ്റർ വരെയുള്ള വീടുകളെയായിരുന്നു അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 ചതുരശ്രമീറ്റർ വരെയാക്കി.

മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാഫീസ് വ്യത്യസ്തമായിരുന്നത് ഏകീകരിച്ചു. വീടുകളുടെയും മറ്റുകെട്ടിടങ്ങളുടെയും അപേക്ഷാഫീസും വെട്ടിക്കുറച്ചിട്ടുണ്ട്. നഗരസഭകളുടെ വിജ്ഞാപനം ഉടൻ പുറത്തിറക്കും. അതിനുശേഷമേ എന്നുമുതൽ നടപ്പാക്കൂവെന്ന്‌ തീരുമാനിക്കൂ. ജില്ലാതല ക്രമവത്കരണകമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ സംസ്ഥാനസമിതിക്കും സർക്കാരിനും അപ്പീൽ നൽകാം.

ക്രമവത്കരിച്ച് നൽകാത്തവ

അംഗീകൃത വികസനപദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുന്നത്

സർക്കാർക്കെട്ടിടങ്ങൾക്ക് ഫീസില്ല

സർക്കാർക്കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അനധികൃതനിർമാണങ്ങൾക്ക് കോമ്പൗണ്ടിങ് ഫീസ് ഇല്ല. എയ്ഡഡ് സ്കൂളുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും സാധാരണ കോമ്പൗണ്ടിങ് ഫീസിന്റെ 25 ശതമാനം നൽകണം.

പെയിൻ ആൻഡ് പാലിയേറ്റീവ് അംഗീകൃത ക്ലിനിക്കുകൾ, ഭിന്നശേഷിസ്ഥാപനങ്ങൾ, ബഡ്‌സ് സ്കൂളുകൾ-പുനരധിവാസ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ക്രഷുകൾ, ഡേകെയർസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തദ്ദേശസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകൾ എന്നിവയ്ക്ക് 50 ശതമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button