‘കൈയ്യിലിരുപ്പ് നന്നായാല്‍ മതി ഫോണ്‍ കയ്യില്‍ തന്നെ കാണും! മറ്റാരുടെതും കൊണ്ടുപോകുന്നില്ലല്ലോ’ദിലീപിന് കൗണ്ടറടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി:താന്‍ ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്ന, നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. കയ്യിലിരിപ്പ് നന്നായാല്‍ ഫോണ്‍ കയ്യില്‍ തന്നെ കാണുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന മൊബൈല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ വെച്ചായിരുന്നു, ഈയിടെയായി ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആള്‍ താനാണെന്നും ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്നും ദിലീപ് പറഞ്ഞത്. സംവിധായകന്‍ അരുണ്‍ ഗോപി, നാദിര്‍ഷ, ടിനി ടോം, ഷിയാസ് കരീം, സാനിയ ഇയ്യപ്പന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.
ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ കൊണ്ടുപോകും, ദിലീപിന്റെ തഗ്ഗ് എന്നുപറഞ്ഞായിരുന്നു മലയാള മനോരമ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്. വാര്‍ത്തകള്‍ക്ക് താഴെയാണ് ദിലീപിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നത്.
‘ഏതു പുതിയ ഫോണ്‍ വാങ്ങിയാലും അത് പൊലീസുകാര്‍ കൊണ്ടു പോകും: ദിലീപ്’. ബ്ലഡി കേരള പൊലീസ്. ഈ നാട്ടില്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തു മാന്യമായി ജീവിക്കുന്നവരെ കണ്ടാല്‍ നിങ്ങള്‍ക്ക് ചൊറിച്ചില്‍ ആണോ…പേട്ടനോടൊപ്പം ഒന്നാണ് ഒരു കമന്റ്.
പീഡന കേസില്‍ പ്രതിയായാല്‍ അങ്ങനെയാണ് പേട്ടാ, പൊലീസ് ഇടക്കിടയ്ക്ക് പൊക്കും. എന്തൊരു നിയമം ആണല്ലേ, കഷ്ടം. കയ്യിലിരുപ്പ് നന്നായാല്‍ മതി ഫോണ്‍ കയ്യില്‍ തന്നെ കാണും എന്നിങ്ങനെയാണ് കമന്റുകള്‍.
മറ്റ് നടന്മാരുടെ ഫോണുകളൊന്നും പൊലീസ് കൊണ്ടുപോകുന്നില്ലല്ലോ ശ്ശോ. സ്വതന്ത്രസമരത്തില്‍ പങ്കെടുത്തതിന് അല്ലല്ലോ കൈയിലിരിപ്പ് കൊണ്ടല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.
കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പൊലീസ് പിന്തുടരുന്നത് സ്വാഭാവികം. കൊടുക്കാത്ത ഫോണുകള്‍ ഇനിയും കയ്യിലുണ്ടല്ലോയെന്നും വലിയ താമസമില്ലാതെ ഇയാളെതന്നെ അങ്ങു കൊണ്ടുപോകുമെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
പൊലീസുകാര്‍ അണ്ണനോടുള്ള ആരാധന മൂത്തിട്ട് ഫോണ്‍ കൊണ്ടുപോകുന്നതല്ല. കയ്യിലിരിപ്പ് മോശായോണ്ടാ. ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെ തള്ളിമറിക്കുന്നത് എന്ത് കഷ്ടമാണ് എന്നാണ് മറ്റൊരു കമന്റ്.
അതേസമയം ദിലീപിന്റെ ഈ സംസാരം കേട്ട് വേദിയില്‍ നിന്ന് പൊട്ടിച്ചിരിക്കുന്നവര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
ഏട്ടനെ കാണുമ്പോള്‍ ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസര്‍ സംഘടന വിലക്കിയതാണ് ഓര്‍മ്മ വരുന്നതെന്നാണ് മറ്റൊരു കമന്റ്.
വലിയ കോമഡിയാ പേട്ടന്‍ പറയുന്നത്.. സിരിച്ചു.. സിരിച്ചു…മരിച്ചു. 85 ദിവസം ജയിലില്‍ കിടന്ന കാര്യം മറന്ന് പോയോ എന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.
ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് ഇങ്ങനെ പറയാന്‍ ഇയാള്‍ക്ക് കോണ്‍ഫിഡന്‍സ് കൊടുത്തത് അമ്മയടക്കമുള്ള സിനിമ സംഘടനകളും ഇയാളുടെ കാശ് വാങ്ങി പി.ആര്‍ പണി നടത്തുന്ന ചാനലുകാരുമാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.
‘മിക്ക മൊബൈല്‍ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോണ്‍ ഇറങ്ങിയാല്‍ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാന്‍. എപ്പോള്‍ പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോണ്‍ 13 പ്രൊ ഇറങ്ങിയപ്പോള്‍ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യില്‍ നിന്ന് പോയി. ഇപ്പോള്‍ ഞാന്‍ പ്രാര്‍ഥിച്ചാണ് നില്‍ക്കുന്നത്. ഇവര്‍ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാര്‍ഥനയിലാണ് ഞാന്‍,’ എന്നായിരുന്നു ദിലീപ് പറഞ്ഞത്.