Vijay Babu : വേണ്ടി വന്നാല്‍ വിദേശത്തുപോയി അറസ്റ്റ്‌ചെയ്യും,വിജയ് ബാബുവിനായി കുരുക്കുമുറുക്കി പോലീസ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ (Vijay Babu) കുരുക്ക് മുറുകുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിടെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്‍റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ല. 22ന് പരാതി ലഭിച്ചു, അന്ന് തന്നെ കേസെടുത്തുവെന്നും സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാൽ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ മീ ടൂ ആരോപണത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതിയ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങിട്ടുണ്ട്. വുമൺ എഗൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് പേജിലൂടെയാണ് അജ്ഞാതയായ യുവതി ഇന്നലെ രംഗത്തെത്തിയത്. ഇതാരെന്ന് കണ്ടെത്താൻ പ്രത്യേക സൈബർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനെ കണ്ട് വിവരങ്ങൾ ശേഖരിക്കും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ്ബുക്ക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. വിദേശത്തുള്ള വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ഉടൻ തുടങ്ങും.
യുവതിയുടെ വാക്കുകൾ
ഇത് ഒരു ദിവസത്തെ സംഭവമായിരുന്നു. 2021 നവംബർ മാസത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമയും നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ് ഞാൻ കണ്ടുമുട്ടിയത്. ഞങ്ങൾ ചില പ്രൊഫഷണൽ കാര്യങ്ങൾ ചർച്ച ചെയ്തു, പിന്നീട് അയാൾ എൻ്റെ വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു, ഞാൻ എൻ്റെ ജീവിതത്തിലെ ചില പ്രശ്നങ്ങൾ അയാളോട് സൂചിപ്പിച്ചു. ആ വിഷയത്തിൽ എനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം എന്നെ സഹായിക്കാൻ സ്വയം മുന്നോട്ടുവന്നു. ഇതിനിടയിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മുറിയുടെ പുറത്തേക്ക് ഇറങ്ങി, അതിനാൽ ഞങ്ങൾ രണ്ടുപേരും മാത്രമേ കുറച്ചു നേരത്തേക്ക് അവിടെ ഉണ്ടായിരുന്നുള്ളൂ.
അയാൾ സ്വയം മദ്യം കഴിക്കുകയും എനിക്കു വാഗ്ദാനം ചെയ്യുകയും ചെയ്തു. ഞാൻ അത് നിരസിച്ചു ജോലി തുടർന്നു. പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ ! ഭാഗ്യവശാൽ, എന്റെ റിഫ്ലെക്സ് പ്രവർത്തനം വളരെ വേഗത്തിലായിരുന്നു, ഞാൻ ചാടി പുറകോട്ടേക്ക് മാറി അവനിൽ നിന്ന് അകലം പാലിച്ചു. ഞാൻ അസ്വസ്ഥതയോടെ, പേടിയോടെ അയാളുടെ മുഖത്തേക്ക് നോക്കി. അപ്പോൾ വീണ്ടും എന്നോട് ചോദിച്ചു “ഒരു ചുംബനം മാത്രം?”. ഇല്ല എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. പിന്നെ അദ്ദേഹം മാപ്പ് പറയാൻ തുടങ്ങി, ആരോടും പറയരുതെന്ന് അഭ്യർത്ഥിച്ചു. പേടിച്ച് ഞാൻ സമ്മതിച്ചു. ചില ഒഴിവുകഴിവുകൾ പറഞ്ഞ് ഞാൻ പെട്ടെന്ന് അവിടെ നിന്ന് ഇറങ്ങിയോടി.കാരണം എന്നെ മറ്റൊന്നും ചെയ്യാൻ അയാൾ നിർബന്ധിച്ചില്ലെങ്കിലും, അയാൾ ചെയ്ത ഈ കാര്യം തന്നെ വിലകുറഞ്ഞതും ഭയപ്പെടുത്തുന്നതുമായിരുന്നു.
ഒട്ടും പരിചയമില്ലാത്ത എന്നോട് 20-30 മിനുട്ടിൽ , അയാൾ തന്റെ ആദ്യ ശ്രമം നടത്തി. ഇക്കാരണത്താൽ തന്നെ എനിക്ക് ആ പ്രസ്തുത പ്രോജക്ട് ഉപേക്ഷിക്കേണ്ടിവന്നു. അതുവരെയുള്ള എന്റെ സ്വപ്‌നമായിരുന്ന മലയാള ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങൾ ഞാൻ ഇതിനുശേഷം നിർത്തി. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം അയാളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടാവും? . സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന നടനും നിർമ്മാതാവും എന്നത് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചു.അയാളിൽ നിന്നും ഈയിടെ ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടർന്നാണ് ഞാൻ ഇത് എഴുതുന്നത്. അയാൾ തീർച്ചയായും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ഒരാളാണെന്ന് എൻറെ അനുഭവത്തിലൂടെ എനിക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഒരുപാട് പേർ അവൾക്കെതിരെ തിരിയുമ്പോൾ എനിക്ക് മൗനം പാലിക്കാൻ സാധിക്കുന്നില്ല .ദുർബലരായ സ്ത്രീകളെ സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക് വേണ്ടി ഞാൻ ശബ്ദം ഉയർത്തും. എന്നും അവൾക്കൊപ്പം നിൽക്കും. അവൾക്ക് നീതി കിട്ടുന്നത് വരെ..
കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – “സ്ത്രീകൾക്ക് സുരക്ഷിതമല്ല” എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്. നന്ദി.
ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്‍റെ (Vijay Babu) ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്മെയിൽ ചെയ്യാനാണ് പരാതിക്കാരി ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹർജിയിൽ ആരോപിക്കുന്നു. പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. എന്നാൽ അറസ്റ്റ് തടയണമെന്നോ ഇടക്കാല ഉത്തരവ് വേണമെന്നോ വിജയ് ബാബു ഹൈക്കോടതിയിൽ ആവശ്യപ്പെട്ടില്ല.
സമൂഹത്തിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണ സംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമ വാർത്ത കൊടുക്കുകയാണ് അന്വേഷണ സംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു.
അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം, ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.
അതിനിടെ, വിജയ് ബാബുവും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് വച്ച് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നും പരാതിയിലുണ്ട്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി വിജയ് ബാബുവിൽ നിന്നും തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.
നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ട് സാക്ഷികളുടെ മൊഴി എടുക്കുന്നുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴികളും ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ സാക്ഷികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ലഹരി വസ്തുക്കൾ നൽകി അർദ്ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടർന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്.