ന്യൂഡല്‍ഹി: മക്കളില്ലാത്ത ഹിന്ദു സ്ത്രീ വില്‍പത്രം തയാറാക്കാതെ മരിച്ചാല്‍, സ്വത്ത് പിതാവിന്റെ പിന്തുടര്‍ച്ചാവകാശികളുടേതാവുമെന്ന് സുപ്രീംകോടതി.
മാതാപിതാക്കളില്‍ നിന്ന് ആ വ്യക്തിക്കു ലഭിച്ച സ്വത്താണ് പിതാവിന്റെ പിന്തുടര്‍ച്ചാവകാശികളുടേതാവുന്നത്. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ 15-ാം വകുപ്പ് വ്യാഖ്യാനിച്ചാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റെയാണ് വിശദീകരണം. മക്കളില്ലാത്ത ഹിന്ദു സ്ത്രീ വില്‍പ്പത്രം തയ്യാറാക്കാതെ മരിച്ചാല്‍, ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃ പിതാവില്‍ നിന്നോ ലഭിച്ചിട്ടുള്ള സ്വത്ത് ഭര്‍ത്താവിന്റെ പിന്തുടര്‍ച്ചാവകാശികളുടേതാവുമെന്നും കോടതി പറഞ്ഞു. ഏതാണോ സ്വത്തിന്റെ ഉറവിടം, അവിടേക്ക് ഉടമസ്ഥത തിരികെപ്പോകുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഹിന്ദു പിന്തുടര്‍ച്ചാവകാശത്തിലെ ഈ വ്യവസ്ഥ.
ഭര്‍ത്താവോ മക്കളോ ഉള്ള ഹിന്ദു സ്ത്രീ മരിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളില്‍ നിന്നു ലഭിച്ചതുള്‍പ്പെടെയുള്ള സ്വത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമായിരിക്കും അവകാശം. തമിഴ്നാട്ടില്‍നിന്നുള്ള മാരപ്പഗൗണ്ടര്‍ എന്നയാള്‍ സ്വന്തമായി വാങ്ങിയ ഭൂമിയുടെ അവകാശം മകളുടെ മരണശേഷം ആരുടേതെന്ന തര്‍ക്കം സംബന്ധിച്ച കേസിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശങ്ങള്‍.