CrimeKeralaNews

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍,ഒടുവില്‍ കുറ്റസമ്മതം; ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ അമ്മയും സഹോദരങ്ങളും അറസ്റ്റില്‍

ഇടുക്കി: ഇടുക്കി പള്ളിക്കുന്നിനടുത്തുള്ള വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും സഹോദരിയും സഹോദരനും അറസ്റ്റിൽ. തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച ബിബിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് ക്രൂരമായ മർദിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. 

ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കൾ അടങ്ങുന്ന സംഘം വുഡ് ലാൻഡ്സ് എസ്റ്റേറ്റിൽ താമസിക്കുന്ന കൊല്ലമറ്റത്ത് ബാബുവിൻറെ മകൻ ബിബിൻ ബാബുവിൻ്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റുമോർട്ടത്തിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമായതെന്ന് കണ്ടെത്തി. കൊല്ലപ്പെട്ട ബിബിൻറെ സഹോദരൻ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെയാണ് പീരുമേട്  പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവ ദിവസം ബിബിൻറെ സഹോദരിയുടെ മകളുടെ പിറന്നാളാഘോഷ ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനിടെ ബിബിൻ ബാബു മദ്യപിച്ച് വീട്ടിലെത്തി. സഹോദരിയുടെ ആൺ സുഹൃത്തുക്കൾ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തർക്കമുണ്ടായി. മുൻപും ഇതേച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായിട്ടുണ്ട്. തർക്കത്തിനിടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് കണ്ട സഹേദരി ബിനീത വീട്ടിലിരുന്ന ഫ്ലാസ്ക്കെടുത്ത് ബിബിൻറെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതാണ് മരണകാരണമായത്.

സംഘർഷത്തിനിടെ സഹോദരൻ വിനോദിൻ്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയവും തകർന്നു. അനക്കമില്ലാതായപ്പോൾ മരിച്ചെന്ന് കരുതിയാണ് ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചോദ്യം ചെയ്യലിൽ പ്രതികൾ ബിബിൻ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയിൽ ഉറച്ചു നിന്നത് പൊലീസിനെ ഏറെ കുഴപ്പിച്ചിരുന്നു.

തെളിവുകൾ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. തുടർന്ന് മൂവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker