ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് യുഎസ്എ – അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതോടെയാണിത്. പോയന്റ് പങ്കുവെച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് യുഎസ്എ, ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തി. നാലു കളികളില്‍ നിന്ന് അഞ്ചു പോയന്റോടെയാണ് യുഎസിന്റെ സൂപ്പര്‍ എട്ട് പ്രവേശനം. അയര്‍ലന്‍ഡും പുറത്തായി.
വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരത്തില്‍ യുഎസ്എ, അയര്‍ലന്‍ഡിനോട് തോല്‍ക്കുകയും അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ മാത്രമേ പാക് ടീമിന് സൂപ്പര്‍ എട്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ.
ഇന്ത്യന്‍ സമയം വൈകീട്ട് എട്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിന്റെ ടോസ് മഴയില്‍ ഫ്ളോറിയഡിലെ ലൗഡെര്‍ഹില്‍ സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജനല്‍ പാര്‍ക്ക് സ്റ്റേഡിയം ടര്‍ഫ് ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ് നനഞ്ഞതു കാരണം വൈകുകയായിരുന്നു. പെയ്ത കനത്ത മഴ ശമിച്ചെങ്കിലും ഔട്ട്ഫീല്‍ഡിലെ നനവായിരുന്നു വെല്ലുവിളി.
രണ്ടു തവണ മൈതാനം പരിശോധിച്ച അമ്പയര്‍മാര്‍ മത്സരം വൈകുമെന്ന സൂചന നല്‍കിയിരുന്നു. ഇന്ത്യന്‍ സമയം 10.45-ന് അവസാനഘട്ട പരിശോധനയ്ക്ക് ശേഷം വീണ്ടും മഴയെത്തിയതോടെയാണ് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായത്.