ലഖ്‌നൗ: ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലഖ്നൗവിൽ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായ അനിക രസ്തോഗി (19) ആണ് മരിച്ചത്. ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) ഇൻസ്പെക്ടർ ജനറലായ സഞ്ജയ് രസ്തോഗിയുടെ മകളാണ് മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായ അനിക. ശനിയാഴ്ചയാണ് രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
അനികയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് അനികയുടെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാത്രി പത്ത് മണിയോടെയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. നിലത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു അനിക. ഹോസ്റ്റൽ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.
അനികയുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും വസ്ത്രങ്ങള്‍ക്ക് ഉലച്ചിൽ സംഭവിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അനികയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അനികയുടെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നതായി റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു. അനികയുടെ വിയോഗം അപ്രതീക്ഷിതമാണെന്നും കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നതായും യൂണിവേഴസ്റ്റി അധികൃതർ പറഞ്ഞു.