KeralaNews

Sobha surendran:എന്റെ ചെലവിൽ ബിജെപിയെ തകർക്കാൻ അനുവദിക്കില്ല, പ്രസിഡന്റാവാൻ എന്താണ് അയോ​ഗ്യത;ആഞ്ഞടിച്ച്‌ ശോഭാ സുരേന്ദ്രൻ

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ തൃശ്ശൂര്‍ ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് സി.പി.എമ്മിന്റെ ഉപകരണമാണെന്ന് ശോഭാ സുരേന്ദ്രന്‍. ആരോപണങ്ങള്‍ക്കുപിന്നിലെ കഥയും സംഭാഷണവും സംവിധാനവും എ.കെ.ജി. സെന്ററും പിണറായി വിജയനുമാണ്. സതീശന്‍ എന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പിയെന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അതുവഴി ഒരുവെടിക്ക് രണ്ടുപക്ഷികളെ തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

‘ബി.ജെ.പിയില്‍ വലിയ തര്‍ക്കമുണ്ടെന്നും ആ തര്‍ക്കങ്ങളിലൂടെ കേരള ഘടകത്തിലെ ഒരുവ്യക്തിയെ ലക്ഷ്യമിടാൻ ശോഭാ സുരേന്ദ്രന്‍ പരിശ്രമിക്കുന്നുണ്ടെന്നും വരുത്തിതീര്‍ക്കാന്‍ എ.കെ.ജി. സെന്റര്‍ ഒരുക്കിയ തിരക്കഥയുടെ നാവുമാത്രമാണ് സതീശന്‍. സതീശനെ വിലയ്‌ക്കെടുത്തിട്ട് ഒരുവര്‍ഷത്തിലേറെയായി. നാവ് സതീശന്റേതാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എ.കെ.ജി. സെന്ററാണ്.

ബി.ജെ.പിയില്‍ സംസ്ഥാന പ്രസിഡന്റാവുന്നതിനായി താൻ സതീശനെക്കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ തിരക്കഥ ആരാണ് സൃഷ്ടിക്കുന്നത്? ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവാന്‍ എന്താണ് അയോഗ്യത. നൂലില്‍ കെട്ടി ഇറങ്ങി വന്നയാളല്ല ഞാന്‍. ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ഏറ്റവും ബ്രൂട്ടലായ ലാത്തി ചാര്‍ജ് ഏറ്റുവാങ്ങിയ ഓപ്പറേഷനുവരെ വിധേയമാക്കപ്പെട്ട സ്ത്രീയാണ്. എന്താണ് എന്റെ അയോഗ്യത’, ശോഭ ചോദിച്ചു.

‘സതീശനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റാവാന്‍ ആരാണ് സതീശന്‍. കൈയില്‍ രാഖി കെട്ടി ഞാന്‍ ആര്‍.എസ്.എസ്. ആണെന്ന് സതീശന്‍ പറയുന്നു. ഇതാണോ ആര്‍.എസ്.എസിന്റെ പണി. ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെങ്കില്‍, ഇത്തരത്തില്‍ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ സതീശന്‍ പോകേണ്ടത് ആര്‍.എസ്.എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഈ ഉപകരണത്തെ ഉപയോഗിച്ച് ചുളുവില്‍ ശോഭാ സുരേന്ദ്രനെ കേരള രാഷ്ട്രീയത്തില്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമോയെന്ന് ഗവേഷണം നടത്തുകയാണ്’, അവര്‍ ആരോപിച്ചു.

സതീശനെ വിലയ്ക്കുവാങ്ങിയത് ആരാണെന്നും സതീശന് ആരുമായിട്ടാണ് ബന്ധമെന്നും കേരള പൊതുസമൂഹത്തിന് മുന്നില്‍ സതീശനെക്കൊണ്ട് പറയിപ്പിക്കും. സതീശന്‍ കേരളം വിട്ട് എവിടെയാണ് യാത്രചെയ്തത്. നാലുമാസം എവിടെയായിരുന്നു സതീശന്‍. തന്റെ ചെലവില്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സതീശനല്ല, മുത്തുപ്പട്ടരായാലും അനുവദിക്കില്ല. സതീശന്‍ വെറും നാവാണ്. സതീശന് മറുപടിയില്ലെന്നും അവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker