3 മരണം, കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്
വാഷിംഗ്ടണ്‍: കണ്ണിലൊഴിക്കാനുള്ള മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിരവധിപ്പേര്‍ക്ക് കാഴ്ച നഷ്ടമാവുകയും രണ്ടിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട്. നേത്ര രോഗത്തിന് പുറമേ അന്ധതയും അണുബാധ മൂലമുള്ള മരണത്തിനും കാരണമായതിന് പിന്നാലെ രാജ്യവ്യാപകമായി ഒരു മരുന്ന് തിരിച്ചുവിളിച്ചു. കണ്ണിലെ അസ്വസ്ഥതകള്‍ക്ക് വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന തുള്ളിമരുന്നാണ് തിരികെ വിളിച്ചത്. മാര്‍ച്ച് 14 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 16 സംസ്ഥാനങ്ങളിലായി 70 രേഗികളെ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നീക്കം. രണ്ട് പേര്‍ മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ മരണപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
സ്യൂഡോമൊണാസ് ഏയറുഗിനോസാ വിഭാഗത്തിലുള്ള ബാക്ടീരിയയാണ് രോഗബാധയ്ക്ക് കാരണമായതെന്നാണ് സെന്‍ട്രല്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിശദമാക്കുന്നത്. പത്ത് വിഭാഗത്തിലുള്ള ആര്‍ട്ടിഫീഷ്യല്‍ ടിയര്‍സ് ആണ് തിരികെ വിളിച്ചത്. ഇതില്‍ തന്നെ എസ്രികെയര്‍ എന്ന ഇനത്തിലൂടെയാണ് അണുബാധ വ്യാപകമായതെന്നാണ് സൂചന. ഇതിനിടയിലാണ് ഗ്ലോബല്‍ ഹെല്‍ത്ത് ഫാര്‍മ എസ്രി കെയര്‍ ആര്‍ട്ടിഫീഷ്യല്‍ ടിയര്‍ ഉല്‍പ്പന്നങ്ങളാണ് ഭൂരിഭാഗവും. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച മരുന്ന് സാംപിളുകളില്‍ രോഗബാധയ്ക്ക് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണില്‍ അണുബാധയുള്ളവര്‍ ഉപയോഗിക്കുന്നതും അല്ലാത്തതുമായ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതില്‍ നിന്നുള്ള കണ്ടെത്തലില്‍ ബാക്ടീരിയയുടെ സാന്നിധ്യം വ്യക്തമായതിന് പിന്നാലെയാണ് മരുന്ന് തിരികെ വിളിച്ചത്. കണ്ണില്‍ നിന്ന് സ്രവം പുറത്തേക്ക് വരുന്നതും കണ്ണിന്‍റെ നിറം മഞ്ഞയും പച്ചയും കലര്‍ന്ന് നിറവുമാകുന്നതാണ് അണുബാധയുടെ ലക്ഷണം. പിന്നാലെ കണ്ണില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാവും. പിന്നാലെ കണ്ണ് ചുവന്ന് തടിക്കുകയും വെളിച്ചത്തേക്ക് നോക്കാനാവാത്ത അവസ്ഥയും പിന്നാലെ മങ്ങിയ കാഴ്ചയും ആവുകയും ചെയ്യുന്ന സ്ഥിതിയാണ് ബാക്ടീരിയയുടെ ആക്രമണത്തിന് പിന്നാലെ സംഭവിക്കുന്നത്.
രോഗ ബാധ രൂക്ഷമാകുന്ന മുറയ്ക്ക് കൃഷ്ണമണി നീക്കം ചെയ്യേണ്ട സ്ഥിതി വരെയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ രോഗബാധിതരായവരില്‍ നാലുപേര്‍ക്ക് കൃഷ്ണമണി നീക്കം ചെയ്യേണ്ടി വന്നതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.