നാഗചൈതന്യ ഇത്രയും താഴ്മയുള്ളവനാണെന്ന് കരുതിയിരുന്നില്ല, ഇഷ്ടമുള്ളതിനായി സർവം സമർപ്പിക്കും: ശോഭിത

ഹൈദരാബാദ്: നാഗചൈതന്യയെ പരിചയപ്പെടുന്നതുവരെ താന്‍ മുംബൈക്ക് പുറത്തൊരു ജീവിതവും സിനിമ മേഖലയില്‍നിന്നുള്ള പങ്കാളിയേയും വേണ്ടെന്ന് തീരുമാനിച്ചിരുന്നതായി ശോഭിത ധുലിപാല. വോഗിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നാഗചൈതന്യ സമചിത്തനും ശുഭാപ്തിവിശ്വാസിയും വ്യക്തതയുള്ള മനസ്സിനുടമയുമാണെന്നും ശോഭിത അഭിപ്രായപ്പെട്ടു.
നാഗചൈതന്യയെ അറിയുന്നതുവരെ, അദ്ദേഹം ഇത്രയും താഴ്മയുള്ള മനുഷ്യനാണെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് ശോഭിത പറഞ്ഞു. ബൈക്ക് വൃത്തിയാക്കാന്‍ രണ്ടുമണിക്കൂര്‍ ചെലവാക്കിയാല്‍പോലും അതില്‍ അവന്‍ തികച്ചും സംതൃപ്തനാണ്. അവന് അത്രയും ഇഷ്ടമായതുകൊണ്ടാണത്. ആരെയെങ്കിലും, അല്ലങ്കിൽ എന്തെങ്കിലും ഇഷ്ടമായാല്‍ അതിനുവേണ്ടി പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നതില്‍ അയാൾ സന്തോഷം കണ്ടെത്തുന്നു. ജീവിതത്തിന്റെ സൗന്ദര്യത്തില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു.
ജീവിതത്തില്‍ നിരാശകളും അസ്വസ്ഥതകളുമുണ്ടായാലും അയാള്‍ നല്ലവശം മാത്രമാണ് കാണുന്നതെന്നും ശോഭിത കൂട്ടിച്ചേര്‍ത്തു. ഇതിന് ഉദാഹരണമായി ശോഭിത ചൂണ്ടിക്കാട്ടിയത്, ഒടുവില്‍ ഇറങ്ങിയ രണ്ട് ചിത്രങ്ങളുടെ ജയ- പരാജയത്തില്‍ നാഗചൈതന്യയുടെ പ്രതികരണമായിരുന്നു. തണ്ടേല്‍ വിജയിച്ചപ്പോഴും കസ്റ്റഡിയ്ക്ക് മോശം അഭിപ്രായം ഉണ്ടായപ്പോഴും ഒരേപോലെയാണ് നാഗചൈതന്യ പ്രതികരിച്ചതെന്ന് ശോഭിത ചൂണ്ടിക്കാണിച്ചു.
ഇന്‍സ്റ്റഗ്രാമിലെ ‘ആസ്‌ക് മി എനിതിങ്ങി’നിടെയാണ് നാഗചൈതന്യ തന്നെ ഫോളോ ചെയ്തിട്ടും താന്‍ തിരിച്ചുഫോളോ ചെയ്യുന്നില്ലെന്ന് മനസിലാക്കിയതെന്ന് ശോഭിത ഓര്‍ത്തെടുത്തു. ‘ചോദ്യങ്ങള്‍ നോക്കിവന്നപ്പോള്‍, നിങ്ങള്‍ എന്തുകൊണ്ട് ചയ് അക്കിനേനിയെ ഫോളോ ചെയ്യുന്നില്ല എന്നൊരാള്‍ ചോദിച്ചതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. എനിക്ക് ആശ്ചര്യമായി. ഞാന്‍ അവന്റെ പ്രൊഫൈലില്‍ കയറി നോക്കി. അവന്‍ ഞാന്‍ അടക്കം 70 പേരെ മാത്രമേ ഫോളോ ചെയ്യുന്നുണ്ടായിരുന്നുള്ളൂ. എനിക്ക് അല്പം സന്തോഷം തോന്നി, ഞാന്‍ തിരിച്ചു ഫോളോ ചെയ്തു’, ശോഭിത പറഞ്ഞു.
നാഗചൈതന്യയുടെ പോസ്റ്റുകള്‍ ഫീഡില്‍ വരാന്‍ തുടങ്ങി. പ്രത്യേകിച്ചും സുഷി (ജാപ്പനീസ് വിഭവം) പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ആദ്യം ഒരു മെസേജ് അയച്ചു, അത് തുടര്‍ന്നു. ഒടുവില്‍ 2022 ഏപ്രിലില്‍ ഒരുദിവസം ലഞ്ച് ഡേറ്റിനായി നാഗചൈതന്യ മുംബൈയിലേക്ക് വരികയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.