KeralaNews

വെള്ളാപ്പള്ളിയുടെ പ്രസ്താവന: കേരള നവോത്ഥാന സമിതിയിൽനിന്ന് ഹുസൈൻ മടവൂർ രാജിവച്ചു

കോഴിക്കോട്: മുസ്‌ലിം സമുദായം സർക്കാറിൽനിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്ന കേരള നവോത്ഥാന സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ.ഹുസൈൻ മടവൂർ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിൻ്റെ പ്രസ്താവന അപക്വവും വാസ്തവവിരുദ്ധവുമാണെന്ന് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം കൂടിയായ ഹുസൈൻ മടവൂർ പറഞ്ഞു.

ഇടതുപക്ഷ സർക്കാർ മുസ്‌ലിം പ്രീണനം നടത്തുന്നുവെന്നും അതുകൊണ്ടാണ് ഈഴവസമുദായം ഇടതുപക്ഷത്തെ കൈയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞത് വസ്തുതകൾക്ക് നിരക്കാത്തതാണ്. അതിനാൽ അദ്ദേഹം പ്രസ്താവന പിൻവലിക്കണം. വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണെങ്കിൽ മുസ്ലിം സമുദായം വോട്ടുചെയ്ത് ഇടതുപക്ഷത്തെ വിജയിപ്പിക്കുമായിരുന്നു. അതുണ്ടായില്ല. മാത്രവുമല്ല, നിരവധി വിഷയങ്ങളിൽ തങ്ങളെ സർക്കാർ അവഗണിച്ചുവെന്നാണ് മുസ്ലിം സമുദായത്തിന്റെ പരാതി.

സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങൾ, കോച്ചിങ് സെൻ്ററുകൾ, ആരാധനാലയ നിർമാണത്തിന്നുള്ള തടസ്സങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ മുസ്‌ലിം സമുദായത്തിന് പ്രയാസമുണ്ടാക്കുന്നതാണ്. ജെൻ്റർ ന്യൂട്രാലിറ്റിയുടെയും എൽജിബിറ്റി സംസ്കാരങ്ങൾ സ്കൂൾ കുട്ടികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെയും സമുദായം തള്ളിക്കളഞ്ഞതാണ്. മുസ്‌ലിംകളും ഈഴവരും മറ്റെല്ലാ മതേതര വിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കേണ്ട വർത്തമാനകാലത്ത് വെള്ളാപ്പള്ളിയുടെ പ്രസ്താവന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കേ ഉപകാരപ്പെടുകയുള്ളുവെന്നും ഹുസൈൻ മടവൂർ വിമർശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker