ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ട ഭര്‍ത്താവ് രഹസ്യമായി ലൈംഗിക തൊഴിലാളിയായി; വിവാഹ മോചനം തേടി ഭാര്യ
ബംഗളൂരു: കര്‍ണാടകയില്‍ ഭര്‍ത്താവ് ലൈംഗിക തൊഴിലാളിയാണെന്ന കാര്യം മറച്ചുവെച്ചതിന് ഭാര്യ വിവാഹ മോചനം തേടി. കൊവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ബിപിഒ ജോലി നഷ്ടപ്പെട്ട 27കാരന്‍ പണത്തിനായി ലൈംഗിക തൊഴിലാളിയായി. ഇക്കാര്യം മാസങ്ങളോളം ഭാര്യയില്‍ നിന്ന് മറച്ചുവെച്ചു. സംശയം തോന്നിയ 24കാരി സഹോദരന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് ലൈംഗിക തൊഴിലാളി ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് വിവാഹമോചനം തേടിയത്.
ബംഗളൂരുവിലാണ് സംഭവം. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ബിപിഒ ഓഫീസില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ടു വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. നഗരത്തില്‍ വാടക വീട് എടുത്ത് താമസിക്കുന്നതിനിടെയാണ് കൊവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബിപിഒ ജോലി നഷ്ടപ്പെട്ട യുവാവ് മറ്റു ജോലികള്‍ തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് പണത്തിനായി ലൈംഗിക തൊഴിലാളിയാകാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ 24കാരിക്ക് സംശയം തോന്നി തുടങ്ങി. പല കാര്യങ്ങളും മറയ്ക്കുന്നതായി തോന്നി.പോകുന്ന സ്ഥലത്തേക്ക് കുറിച്ച് വ്യക്തമായ മറുപടി നല്‍കാതെ വന്നതോടെ, സഹോദരന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് നടുക്കുന്ന വിവരം അറിഞ്ഞത്.
യുവാവിന്റെ ലാപ്പ്ടോപ്പ് തുറന്നുനോക്കിയപ്പോള്‍ വിവിധ സ്ത്രീകളുമൊന്നിച്ചുള്ള അശ്ലീല ദൃശ്യങ്ങള്‍ കണ്ടു. തുടക്കത്തില്‍ ഇക്കാര്യം യുവാവ് നിഷേധിച്ചെങ്കിലും പിന്നീട് 3000 മുതല്‍ 5000 രൂപ വരെ വാങ്ങുന്ന ലൈംഗിക തൊഴിലാളിയാണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവതി സ്ത്രീകളുടെ ഹെല്‍പ്പ്ലൈന്‍ നമ്പറുമായി ബന്ധപ്പെടുകയായിരുന്നു. ലൈംഗിക തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും വിവാഹ മോചനത്തില്‍ നിന്ന് പിന്തിരിയാന്‍ ഭാര്യ തയ്യാറായില്ല.