യുഎസിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; 27 മരണം, നിരവധിപേര്‍ക്ക് പരുക്ക്

വാഷിങ്ടൻ: മധ്യ അമേരിക്കയിലുടനീളം വീശിയടിച്ച വൻ ചുഴലിക്കാറ്റിൽ 27 പേർ കൊല്ലപ്പെട്ടെന്നു റിപ്പോർട്ട്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിനുശേഷം രാജ്യവ്യാപകമായി യുഎസിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചതു ശനിയാഴ്ചയാണ്.
മിസോറിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായ സംസ്ഥാനങ്ങളിലൊന്ന്. വെയ്ൻ കൗണ്ടിയിൽ 6 പേരുൾപ്പെടെ 12 മരണം റിപ്പോർട്ട് ചെയ്തു. പൊടിക്കാറ്റ് മൂലം 50 വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച കാൻസസിൽ 8 പേർ മരിച്ചു. ടെക്സസിൽ, ശക്തമായ പൊടിക്കാറ്റുമായി ബന്ധപ്പെട്ട വാഹനാപകടങ്ങളിൽ 4 പേർ മരിച്ചു. അർകെൻസയിലും 3 മരണമുണ്ടായി, 29 പേർക്ക് പരുക്കേറ്റു.
ചുഴലിക്കാറ്റിനെ തുടർന്നു 2 ലക്ഷത്തിലേറെ വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വൈദ്യുതി ഇല്ലാതായി. മിസിസ്സിപ്പിയിലും ടെനിസിയിലും കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. വീട്, സ്കൂൾ, ജോലിസ്ഥലം, മാൾ, തിയറ്റർ, വാഹനം എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളിൽ ചുഴലിക്കാറ്റിനെ നേരിടേണ്ടത് എങ്ങനെയെന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ അധികൃതർ പുറത്തിറക്കി.