നാശം വിതച്ച് മില്‍ട്ടന്‍ ചുഴലിക്കാറ്റ്: ഫ്‌ളോറിഡ തീരം വിട്ടു, ഇരുട്ടിലായി 30 ലക്ഷം ജനങ്ങള്‍; 6 മരണം
താമ്പ: ഫ്‌ളോറിഡയില്‍ നാശം വിതച്ച് മില്‍ട്ടന്‍ ചുഴലിക്കാറ്റ് തീരം വിട്ടു. എന്നാല്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. ഫ്‌ളോറിഡയിലെ ചില ഭാഗങ്ങളെ തകര്‍ത്ത മില്‍ട്ടന്‍ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടക്കുകയായിരുന്നു. 3.3 മില്യണ്‍ ആളുകളാണ് ഇരുട്ടിലായിരിക്കുന്നത്. വ്യാപകമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
ചുഴലിക്കാറ്റില്‍ ആറ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഫ്‌ളോറിഡയിലെ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. ജലനിരപ്പ് ദിവസങ്ങളോളം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് ഏറ്റവും മോശം സാഹചര്യമല്ലെന്ന് ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പറഞ്ഞു. താമ്പയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
സരസോറ്റ കൗണ്ടിയിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. അതേസമയം നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുന്നതേയുള്ളൂവെന്നും, സമയമെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സൗത്ത് കരോലിന് തീരത്ത് അടക്കം ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നു. ജനങ്ങളോട് വീടുകളില്‍ തന്നെ ഇരിക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വൈദ്യുതി കമ്പികള്‍ അടക്കം പൊട്ടിക്കിടക്കുന്നതിനാല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. റോഡുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് പലയിടത്തും. പാലങ്ങളിലൂടെ യാത്രകളും തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളപ്പൊക്കവും ഇതേ തുടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം ചുഴലിക്കാറ്റില്‍ മരിച്ചവരെല്ലാം സെന്റ് ലൂസിയില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ ഹെലന്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡ തീരത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയിരുന്നു. ഏഴോളം സംസ്ഥാനങ്ങളില്‍ ഇവ ശക്തമായി വീശിയടിച്ചിരുന്നു. കോളിയര്‍ കൗണ്ടി, ലീ കൗണ്ടിയില്‍, ഫോര്‍ട്ട് മയേഴ്‌സ്, കേപ് കോറല്‍ എന്നിവിടങ്ങളിലെല്ലാം ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം മരണങ്ങളൊന്നും സ്ഥിരീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ആഘാതത്തെ കുറിച്ചുള്ള ഇന്‍ഷുറന്‍സ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളെയും ഗവര്‍ണര്‍ തള്ളി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പലയിടത്തും മിന്നല്‍ പ്രളയത്തിനടക്കം സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 11 മില്യണ്‍ ആളുകള്‍ ഇതില്‍ ബാധിക്കപ്പെടും. ആയിരം കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ അടക്കമുള്ളവരെ പ്രസിഡന്റ്് ജോ ബൈഡന്‍ ദുരിതബാധിത മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
അതേസമയം സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ രണ്ട പേര്‍ കൂടി മരിച്ചതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് പോലീസ് ചീഫ് ആന്റണി ഹോളോവേ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്ലപ്പെട്ടുവെന്നാണ് ഇതുവരെയുള്ള കണക്ക്.
അതേസമയം ഫ്‌ളോറിഡയിലെ സണ്‍ഷൈന്‍ അധികൃതര്‍ കേബില്‍ ലൈന്‍ മുറിക്കുന്ന കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി പേര്‍ ഇത്തരത്തില്‍ ലൈന്‍ മുറിക്കുന്നതിലൂടെ വൈദ്യുതി കണക്ഷന്‍ മാത്രമല്ല ഇന്റര്‍നെറ്റ്, ഫോണ്‍ ലൈനുകള്‍ അടക്കം വിച്ഛേദിക്കപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതാണെന്നും സണ്‍ഷൈന്‍ അധികൃതര്‍ പറഞ്ഞു. വരും മണിക്കൂറില്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.