തിരുവനന്തപുരം: പലതവണ അഭ്യർഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ഷാരോൺ രാജ് (23) കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ (23) മൊഴി.
ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടും ഇവ തിരിച്ചു തന്നില്ല. പ്രതിശ്രുത വരന് ഈ ദൃശ്യങ്ങൾ നൽകുമോയെന്നു പേടിച്ചു. അങ്ങനെയാണു ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഒറ്റയ്ക്കാണു കൃത്യം ചെയ്തതെന്നും ഗ്രീഷ്മ പൊലീസിനു മൊഴി നൽകി.
ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ അതെടുത്തു മാറ്റിയെന്നുമാണു ഗ്രീഷ്മയുടെ മൊഴി. അന്വേഷണം വഴിതിരിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഇന്റർനെറ്റിൽ ഗ്രീഷ്മ തിരഞ്ഞിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥർക്കു വിവരം ലഭിച്ചു. പൊലീസിനോട് എന്തു പറയണമെന്നു ബന്ധുക്കളെ ഗ്രീഷ്മ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.
ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ഒന്നിച്ചും വെവ്വേറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൃത്യത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. അമ്മാവന്റെ മകളുടെ പങ്കും അന്വേഷിക്കുന്നു.
സംഭവത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്കു പങ്കുണ്ടെന്നു ഷാരോണിന്റെ മാതാപിതാക്കൾ ആവർത്തിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിലെത്തി ഇവർ മൊഴി നൽകി. ഒക്ടോബർ 14 ന് ഗ്രീഷ്മയുടെ വീട്ടിൽ പോയപ്പോൾ ഷാരോൺ കൊണ്ടുപോയ ബാഗ് ഹാജരാക്കി. അന്നു ധരിച്ച വസ്ത്രങ്ങളും ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചു. വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. എഎസ്പി സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണു നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫിസിൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
ഗ്രീഷ്മയും ഷാരോൺ രാജും രഹസ്യമായി നടത്തിയ താലികെട്ടലിന്റെ വിഡിയോ പുറത്ത്. ‘ഇന്നു നമ്മുടെ കല്യാണമാണ്’ എന്നു ഷാരോൺ പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണു ഷാരോണിന്റെ ബന്ധുക്കൾ പുറത്തുവിട്ട വിഡിയോയിലുള്ളത്.
കഴിഞ്ഞ മേയിലാണു ഷാരോണിന്റെ വീട്ടിൽ ഇതു ചിത്രീകരിച്ചത്. താൻ ഷാരോണിന്റെ വീട്ടിൽ ഉള്ളപ്പോഴാണ് ഇരുവരും താലി കെട്ടിയതെന്നു ബന്ധുവായ സജിൻ പറഞ്ഞു.ആദ്യ ഭർത്താവ് മരിച്ചു പോകുമെന്നു ജാതകത്തിലുള്ളതായി ഗ്രീഷ്മ പറഞ്ഞിരുന്നു.
ഇതു വിശ്വസിക്കാത്ത ഷാരോൺ, മരിക്കുന്നെങ്കിൽ താൻ മരിക്കട്ടെ എന്നു പറഞ്ഞു താലി കെട്ടിയതാണെന്നാണു ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു സൈനികനുമായി വിവാഹനിശ്ചയം നടത്തിയതെന്നും ഷാരോണിനോടാണു സ്നേഹമെന്നും പറഞ്ഞിരുന്നു. അതു ബോധ്യപ്പെടുത്താൻ കല്യാണം കഴിക്കാമെന്നു സമ്മതിച്ചതാണെന്നും ഗ്രീഷ്മ പറഞ്ഞു.
ഷാരോൺ ഗുരുതരാവസ്ഥയിൽ കഴിയവെ, കഷായത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുവിനോട്, താലി കെട്ടി കുങ്കുമം ചാർത്തിയ ആളിനോട് അങ്ങനെ ചെയ്യുമോയെന്നാണു ഗ്രീഷ്മ ചോദിച്ചത്. ഷാരോൺ മരിച്ചാൽ, നിശ്ചയിച്ച കല്യാണം നടക്കുമെന്ന വിശ്വാസത്തിലാണു ജാതകകഥ പറഞ്ഞു താലി കെട്ടിയതെന്നാണു യുവാവിന്റെ ബന്ധുക്കളുടെ ആരോപണം.
ഗ്രീഷ്മയും അമ്മയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോയും ഇതിനിടെ പുറത്തു വന്നു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണു കരഞ്ഞു കൊണ്ട് അമ്മ പറയുന്നത്. ഈ ഓഡിയോ ഗ്രീഷ്മ ഷാരോണിന് അയച്ചു കൊടുത്തിരുന്നു. കുടുംബം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഇതെല്ലാമെന്നാണു യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്.
ഷാരോൺ വധക്കേസിൽ കാമുകി ഗ്രീഷ്മ കുടുങ്ങിയത് സ്വയം കെട്ടിപ്പൊക്കിയ നുണക്കഥകളിൽ. ഗ്രീഷ്മയെ കുടുക്കാൻ പൊലീസിന് സഹായകരമായത് ഫൊറൻസിക് വിദഗ്ധന്റെ കണ്ടെത്തലും, കഷായം കുറിച്ച് നൽകിയെന്ന് ഗ്രീഷ്്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടറുടെ തന്നെ വിരുദ്ധമൊഴിയും. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയ ഗ്രീഷ്മ, അത് മറച്ചുപിടിക്കാൻ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടുകൊട്ടാരം പൊലീസ് പൊളിച്ചത് അനായാസമാണ്. എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, ഗ്രീഷ്മ ഉണ്ടാക്കിയെടുത്ത കഥകളിൽ ഒളിഞ്ഞിരുന്ന ചെമ്പ് പൊലീസ് പുറത്തുകൊണ്ടുവന്നു. ഒടുവിൽ വിങ്ങിപ്പൊട്ടി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. ഗ്രീഷ്മയെ കുടുക്കുന്നതിന് പൊലീസിന് ഏറ്റവും തുണയായത് മൂന്നു മൊഴികളാണ്.
1. ജൂസും കഷായവും കുടിച്ച ഷാരോൺ പച്ചനിറത്തിൽ ഛർദ്ദിച്ചത് കോപ്പർ സൾഫൈറ്റ് ഉള്ളിൽ ചെന്നതുകൊണ്ടാകാമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനഫലം വരുന്നതിന് മുൻപ് തന്നെ ഫൊറൻസിക് വിദഗ്ധന്റെ മൊഴി പൊലീസിന് തുമ്പായി. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനിയായ കാപിക്വിന്റെ കുപ്പി കണ്ടെത്തിയത്.
2. കഷായം കുറിച്ചുനൽകിയെന്ന് ഷാരോൺ അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ അത് തള്ളിക്കളഞ്ഞത് നിർണായകമായ രണ്ടാമത്തെ മൊഴിയായി.
3. അമ്മയ്ക്കൊപ്പം വന്ന ഓട്ടോ ഡ്രൈവർക്കും ഷാരോണിന് നൽകിയ അതേ ജൂസ് കുടിച്ച് അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത് പൊലീസിനു ലഭിച്ച മൂന്നാമത്തെ തുറുപ്പുചീട്ടായി.
കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ വട്ടംകറക്കിയ ഗ്രീഷ്മയെ സ്വന്തം മൊഴികളിലെ വൈരുധ്യത്തിൽ പിടിച്ചു പൊലീസ് കുടഞ്ഞു.
∙ പൊളിഞ്ഞ നുണകളുടെ നീണ്ടനിര ഇങ്ങനെ
1. ഷാരോണിന്റെ ചികിത്സയ്ക്ക് കഷായത്തിന്റെ പേര് അറിയണമെന്ന് സഹോദരൻ ഷിമോൺ ആവർത്തിച്ച് ചോദിച്ചപ്പോഴും മറച്ചുവച്ചു.
2. കഷായക്കുപ്പിയുടെ അടപ്പിലെ ബാച്ച് നമ്പർ ചോദിച്ചപ്പോൾ കുപ്പി കഴുകിയത് മൂലം സ്റ്റിക്കർ പോയെന്നു പറഞ്ഞത്.
3. അമ്മ ഗ്ലാസിൽ തനിക്കായി ഒഴിച്ചുവച്ച കഷായമാണ് ഷാരോണിനു നൽകിയതെന്ന വാട്സാപ്പ് സന്ദേശം.
4. കഷായക്കുപ്പി ആക്രിക്കടക്കാർക്ക് കൊടുത്തെന്ന് മൊഴി.
5. ഷാരോൺ ഛർദ്ദിച്ചത് ജൂസ് പഴകിയത് കൊണ്ടാകാമെന്ന വാട്സാപ് സന്ദേശം.
പൊലീസ് ഇത്രയും തെളിവുകൾ മുന്നിൽ നിരത്തിയപ്പോൾ ഗ്രീഷ്മ പൊട്ടിക്കരഞ്ഞു. കുറ്റം സമ്മതിച്ചു. പക്ഷേ കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങൾക്ക് ബലം നൽകുന്ന തെളിവുകൾ ശേഖരിക്കുന്നതിലേക്കാണ് പൊലീസ് അടുത്ത ചുവടുവയ്പ്.