കൊല്ലം: വീട്ടുമുറ്റത്തെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിൻറെ ഭാര്യ പ്രമിത(31)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ മുന്നിലെ കരിയില തൂത്തുകൂട്ടിയിട്ട് കത്തിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീ പടർന്നുപിടിക്കുകയായിരുന്നു.
നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടി തീ കെടുത്തിയെങ്കിലും ശരീരത്തിൽ വലിയ രീതിയിൽ പൊള്ളലേറ്റിരുന്നു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.
മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മസ്കറ്റിൽ ജോലിയുള്ള ബാബുരാജ് നാട്ടിലെത്തിയശേഷം സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടക്കും. മക്കൾ: ശ്രീക്കുട്ടി, ശ്രീനന്ദ.