കലവൂര്‍: മാരാരിക്കുളത്ത് സ്വകാര്യ റിസോര്‍ട്ട് നടത്തിപ്പുകാരനെ ഭീഷണിപ്പെടുത്തി പെണ്‍കെണിയിലൂടെ 10 ലക്ഷം രൂപ കവരാന്‍ ശ്രമിച്ച കേസില്‍ അഞ്ചു സിവില്‍ ഡിപ്ലോമ വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തു.
തൃശ്ശൂര്‍ കീഴ്പള്ളിക്കര പോഴത്ത് എസ്. നിധീഷ് (22), ചോറുപാറ കൊള്ളാനൂര്‍ കെ. എബി (19), ചാവക്കാട് പുത്തന്‍പുരയില്‍ എസ്. അജ്മല്‍ (20), വേലൂര്‍ കിരാലൂര്‍ വാവറൂട്ടി എം. ശ്രീഹരി (21), പുല്ലേരി വാഴപ്പുള്ളി റൊണാള്‍ഡോ വില്യംസ് (21) എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് പിടികൂടിയത്.
നിധീഷ് ക്രിമിനല്‍ക്കേസിലെ പ്രതിയാണെന്നു പോലീസ് പറഞ്ഞു. കേസില്‍ നേരത്തേ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളും ചാവക്കാട്ടു സ്വദേശികളുമായ സല്‍മാനെയും സൗമ്യയെയും പിടികിട്ടാനുണ്ട്. ഇവര്‍ ഒളിവിലാണ്.
കഴിഞ്ഞ നവംബറിലാണ് സംഭവം. മാരാരിക്കുളം പൊള്ളേത്തൈയില്‍ റിസോര്‍ട്ട് നടത്തിയിരുന്ന ബിജു നടരാജനെ(43)യാണ് ഇവര്‍ കെണിയില്‍പ്പെടുത്തിയത്. സാമ്പത്തികബുദ്ധിമുട്ടിലായിരുന്ന ബിജു പലരോടും കടമായി പണം ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് സൗമ്യയെ പരിചയപ്പെട്ടത്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്തിന്റെ കാറുമായി തൃശ്ശൂരിലെത്തി. ലോഡ്ജില്‍ യുവതിയുമായി സംസാരിച്ചിരിക്കുന്നതിനിടെ ഇപ്പോള്‍ പിടിയിലായ അഞ്ചുപേര്‍ സല്‍മാന്റെ നേതൃത്വത്തിലെത്തി ബിജുവിനെ മര്‍ദിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.
ഇതിനിടെ, ബിജുവിനെ കാണാനില്ലെന്നു വ്യക്തമാക്കി വീട്ടുകാര്‍ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ ഇയാള്‍ പല സുഹൃത്തുക്കളെയും വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായി മനസ്സിലായി. സുഹൃത്തെന്ന നിലയില്‍ പോലീസ് വിളിച്ചപ്പോഴാണ് സംഭവം വ്യക്തമായത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് എസ്.ഐ. കെ.ആര്‍. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുതുരുത്തിയിലെത്തി. അവിടെ കാടിനു സമീപം ആളൊഴിഞ്ഞ വീട്ടില്‍ ബിജുവിനെയും ആദ്യം അറസ്റ്റിലായ അഞ്ചുപേരെയും പോലീസ് കണ്ടെത്തി. ബിജുവിനെ തടവില്‍ വെച്ചിരിക്കുകയായിരുന്നു പ്രതികള്‍. ഹോസ്റ്റലില്‍നിന്നു പുറത്താക്കിയതിനാല്‍ കോളേജിനു സമീപം വീടു വാടകയ്‌ക്കെടുത്താണ് പ്രതികള്‍ താമസിക്കുന്നത്.
പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിതിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ആര്‍. ബിജു, ടി.ഡി. നെവിന്‍, സി.പി.ഒ.മാരായ ഷൈജു, മിഥുന്‍ദാസ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.