ധരിക്കുന്നത് ആത്മവിശ്വാസം നല്‍കുന്ന വസ്ത്രം; അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ പകർത്താനുള്ളത് പകർത്തും, തുറന്ന് പറഞ്ഞ് ഹണി റോസ്
കൊച്ചി:ആത്മവിശ്വാസം നൽകുന്ന വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നതെന്ന് ഹണി റോസ്. എന്ത് തരത്തിലുള്ള പ്രോഗ്രാമാണെന്ന് നോക്കി അതിന് അനുസരിച്ച് വസ്ത്രം തിരഞ്ഞെടുക്കാൻ ശ്രമിക്കാറുണ്ട്. ധരിക്കുന്ന വസ്ത്രം കംഫർട്ട് അല്ലെങ്കില്‍ അക്കാര്യത്തില്‍ കോണ്‍ഷ്യസ് ആകാറുള്ള വ്യക്തിയാണ് താനെന്നും താരം വ്യക്തമാക്കുന്നു.
വീട്ടില്‍ വെച്ച് ഒരു വസ്ത്രം ഇട്ടുനോക്കിയാലും പുറത്ത് എന്തുമ്പോള്‍ അതുപോലെ ആ വസ്ത്രം ഇരിക്കണമെന്നില്ല. ചിലപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറുന്നുണ്ടാകും. ഓണ്‍ലൈന്‍ മീഡിയ ഉള്ളതുകൊണ്ട് തന്നെ എന്തൊക്കെ ക്യാപ്ച്ചർ ചെയ്യാമോ അതൊക്കെ അവർ ക്യാപ്ച്ചർ ചെയ്തിരിക്കുമെന്നും ഹണി റോസ് പറയുന്നു. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഒരു പരിപാടി സെലക്ട് ചെയ്യുന്നതില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇല്ല. എന്നെ സംബന്ധിച്ച് ഒരാള്‍ ചടങ്ങിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ വലിയൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. ജനക്കൂട്ടത്തെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. നമ്മളെ കാണുന്നതിനായി അവരുടെ എല്ലാ വിധ തിരക്കുകളും മാറ്റിവെച്ചിട്ടാണല്ലോ അവർ വന്നിരിക്കുന്നത്. എനിക്കും അവർക്കും ഒരേ പ്രാധാന്യം മാത്രമേയുള്ളു. പക്ഷെ നമ്മളെ കാണാനായി പൊരിവെയിലത്ത് അടക്കം നില്‍ക്കുന്നു, സ്നേഹം കാണിക്കുന്നു. അതൊരു മാജിക്കല്‍ അവസ്ഥയാണ്.
സെല്‍ഫി എടുക്കാനായൊക്കെ ഞാന്‍ എത്ര വേണമെങ്കിലും നിന്നുകൊടുക്കും. ആളുകള്‍ അങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. ഒരു പരിപാടി കഴിയുമ്പോഴും നമുക്ക് ഒരുപാട് സ്റ്റോറികളുണ്ടാകും. ഒത്തിരി തമാശകളുണ്ടാകും. പരിപാടി കഴിഞ്ഞ് വണ്ടിയില്‍ വരുമ്പോള്‍ അതൊക്കെ ഓർത്തും പറഞ്ഞും ചിരിക്കുമെന്നും താരം പറയുന്നു.
മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ ടെന്‍ഷനുണ്ടാകും. അത് അദ്ദേഹം ഉണ്ടാക്കുന്നത് അല്ല, നമ്മള്‍ സ്വയം ഉണ്ടാക്കി എടുക്കുന്നതാണ്. കൂടെ അഭിനയിക്കുന്ന വ്യക്തിയെ ഏറ്റവും കംഫർട്ട് ആക്കി നിർത്തിയിട്ട് ചെയ്യിപ്പിക്കാനാണ് മോഹന്‍ലാല്‍ എപ്പോഴും നോക്കുന്നത്. പക്ഷെ അത്രയും വലിയൊരു ലെജന്‍ഡിനോടൊപ്പമാണല്ലോ നമ്മള്‍ നില്‍ക്കുന്നത്, തെറ്റിച്ചാല്‍ റീ ടെക്ക് എടുക്കേണ്ടി വരുമല്ലോയെന്ന ചിന്തയൊക്കെയാണ് നമ്മുടെ ടെന്‍ഷന് കാരണം.
രണ്ട് മൂന്ന് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ കോംമ്പിനേഷന്‍ കിട്ടിയിരിക്കുന്നത് മോണ്‍സ്റ്റർ പടത്തിലാണ്. കൂടുതല്‍ ഡയലോഗുകള്‍ അദ്ദേഹത്തിനായിരിക്കും. നമുക്ക് അവിടെ ഇവിടെയൊക്കെ മൂളുന്നതെ ഉണ്ടാവു. എന്നാലും വളരെ പെട്ടെന്ന് തന്നെ ടേക്ക് പോകാന്‍ അദ്ദേഹം റെഡിയാകും. അപ്പോഴും നമുക്കായിരിക്കും വലിയ ടെന്‍ഷന്‍. അദ്ദേഹത്തില്‍ നിന്ന് കണ്ടു പഠിക്കാനൊക്കെ നമ്മള്‍ നോക്കും. പക്ഷെ അത് ജന്മനാ കിട്ടുന്ന ഒരു സിദ്ധിയാണെന്നും ഹണി റോസ് കൂട്ടിച്ചേർക്കുന്നു.
നല്ല രസമായി ഒരുങ്ങിയാലും നമ്മളെ പ്രസന്റ് ചെയ്യുന്ന രീതിയില്‍ കോണ്‍ഫിഡന്‍സ് ഇല്ലെങ്കില്‍ ഒരു സൗന്ദര്യവും ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സൗഹൃദങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. എന്നാല്‍ എനിക്ക് സുഹൃത്തുക്കൾ കുറവാണ്. കൂടുതൽ സൗഹൃദം വന്നാൽ ഭാവിയിൽ ബുദ്ധിമുട്ടാകുമോ, അവരിൽ നിന്നും മോശം അനുഭവം ഉണ്ടാകുമോ എന്നെല്ലാമുള്ള ചിന്തയാണ്. പക്ഷെ ഞാൻ എല്ലാവരോടും ഫ്രണ്ട്ലിയായിട്ടാണ് പെരുമാറാറുള്ളതെന്നും ഹണി റോസ് കൂട്ടിച്ചേർക്കുന്നു.