InternationalNews

ഹോളിവുഡ് നടന്‍ ജീന്‍ ഹാക്മാനും ഭാര്യയും മരിച്ച് കിടന്നത് വ്യത്യസ്ത മുറികളില്‍; ഹാക്മാന്‍ അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലും, ഭാര്യ ബെറ്റ്‌സി കുളിമുറിയിലും; ഒരുവളര്‍ത്തുനായയും ഒപ്പം

ന്യൂ മെക്സിക്കോ: വിഖ്യാത നടന്‍ ജീന്‍ ഹാക്മാനേയും ഭാര്യ ബെറ്റ്‌സി അരാകാവയെയും യു.എസിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഹോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ന്യൂ മെക്സിക്കോ സാന്റാ ഫെയിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ദമ്പതികളുടെ മൂന്ന് വളര്‍ത്ത്‌നായ്ക്കളില്‍ ഒന്നിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മറ്റുരണ്ടുനായ്ക്കള്‍ക്കും കുഴപ്പമൊന്നും ഇല്ല. മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെത്തിയെങ്കിലും വ്യാഴാഴ്ച രാവിലെയാണ് തിരിച്ചറിഞ്ഞത്. എപ്പോഴാണ് ദമ്പതികള്‍ മരിച്ചതെന്നോ കാരണമെന്തെന്നോ സാന്റ ഫേ കൗണ്ടി ഷെരീഫ് അദാന്‍ മെന്‍ഡോസ വ്യക്തമാക്കിയില്ല.

ബെറ്റ്‌സിയെ ബാത്‌റൂമിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചുറ്റും ഉറക്ക ഗുളികകളും ചിതറി കിടക്കുന്നുണ്ടായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ഷൂസും പുറം വസ്ത്രങ്ങളും മറ്റും വയ്ക്കാറുളള ചെറിയ മുറിയിലാണ് ജീന്‍ ഹാക്മാനെ കണ്ടെത്തിയത്. അദ്ദേഹം താഴെ വീണതായി സംശയിക്കുന്നു. ബാത്‌റൂം ക്ലോസറ്റിലാണ് നായ മരിച്ചുകിടന്നത്.

വാതക ചോര്‍ച്ചയുടെയോ, കാര്‍ബണ്‍ മോണോക്‌സൈഡ് വിഷം തീണ്ടിയതിന്റെയും ലക്ഷണങ്ങളില്ല. രണ്ടാഴ്ച മുമ്പേ ഇരുവരും മരണപ്പെട്ടതായി സംശയിക്കുന്നു. അറ്റകുറ്റപ്പണിക്ക് വന്ന തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദമ്പതികളുടെ മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാകാമെന്നാണ് ജീനിന്റെ മകള്‍ എലിസബത്ത് ജീന്‍ ഹാക്ക്മാന്‍ സംശയിക്കുന്നത്. സംഭവത്തിലെ ദുരൂഹത കണക്കിലെടുത്ത് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഹാക്ക്മാന് 95 ഉം ഭാര്യയ്ക്ക് 63 ഉം വയസ്സായിരുന്നു. മരണകാരണം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല.

2000 കളുടെ തുടക്കത്തില്‍ ഹോളിവുഡില്‍ നിന്ന് വിരമിച്ച ഹാക്ക്മാന്‍ ഏറെകാലം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ നിന്ന് മാറി സ്വകാര്യജീവിതം നയിച്ച് വരുകയായിരുന്നു. 2024 ല്‍ ഭാര്യയോടൊപ്പം സാന്താ ഫെയിലാണ് അദ്ദേഹത്തെ വീണ്ടും പൊതുരംഗത്ത് കണ്ടത്. നൂറിലേറെ കഥാപാത്രങ്ങളെ അനശ്വരനാക്കിയ വിഖ്യാത നടനാണ് ജീന്‍ ഹാക്ക്മാന്‍. 1930-ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച അദ്ദേഹം, സൈനിക ജീവിതത്തിനിടെയാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്.

1961-ല്‍ പുറത്തിറങ്ങിയ ‘മാഡ് ഡോഗ് കോള്‍’ ആണ് ആദ്യചിത്രം. 1971-ല്‍ ‘ദി ഫ്രഞ്ച് കണക്ഷന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കി. 1992-ല്‍ മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ജീന്‍ ഹാക്ക്മാന്‍ നേടി. ഇതിനുപുറമേ നാല് ഗോള്‍ഡന്‍ ഗ്ലോബ്, സ്‌ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ അവസാന ചിത്രം 2004 ല്‍ പുറത്തിറങ്ങിയ വെല്‍ക്കം ടു മൂസ്‌പോര്‍ട്ട് ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker