കേരളവർമയിലെ SFI ചെയർമാൻ സ്ഥാനാർഥിയുടെ വിജയം റദ്ദാക്കി; വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി
കൊച്ചി: കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് തിരിച്ചടി. എസ്.എഫ്.ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍റെ വിജയം ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെ.എസ്.യു. ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടന്‍റെ ഹർജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
35 വർഷത്തിന് ശേഷമാണ് തൃശ്ശൂർ കേരള വർമ കോളേജിൽ കെ.എസ്.യുവിന് ചെയർമാൻ സ്ഥാനാർഥിയുടെ വിജയം. എന്നാൽ, വോട്ടെണ്ണൽ പൂർത്തിയായതിനു പിന്നാലെ എസ്.എഫ്.ഐ. റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീ കൗണ്ടിങ്ങിന് ശേഷം പതിനൊന്നു വോട്ടുകൾക്ക് എസ്.എഫ്.ഐയുടെ അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപനം വരികയായിരുന്നു. ഇതിനെതിരെയാണ് കെ.എസ്.യു. ചെയർമാൻ സ്ഥാനാർത്ഥിയായ ശ്രീക്കുട്ടൻ ഹൈക്കോടതിയ സമീപിച്ചത്.
റീ കൗണ്ടിങ് നടത്തിയപ്പോൾ ആദ്യ ഘട്ടത്തിൽ അസാധുവാക്കിയ വോട്ടുകൾ കൂടി എണ്ണിയെന്നും അങ്ങനെയാണ് എസ്.എഫ്.ഐ. സ്ഥാനാർഥി വിജയിച്ചതെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി റീ കൗണ്ടിങ്ങിന് ഉത്തരവിടുകയായിരുന്നു.