കൊച്ചി: കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സിറ്റിംഗ് നടത്തിയാണ് കോടതി ഹർജി പരിഗണിക്കുക. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ച് രാവിലെ 11 മണിയ്ക്കാണ് ഹർജി പരിഗണിക്കുന്നത്.
കോവിഡ് ചികിത്സയുടെ ഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ നേരത്തെ ഉത്തരവ് നൽകിയിരുന്നെങ്കിലും പല സ്വകാര്യ ആശുപത്രികളും ഇത് പാലിക്കുന്നില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഇത് സംബന്ധിച്ച് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞിരുന്നു. 10 പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടാക്കരുതെന്ന് കോടതി സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. രണ്ടാം തരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമെന്നും അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതമെന്നും ഏറെ പൊതുതാല്പര്യം ഉള്ള ഒരു വിഷയമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.