KeralaNews

ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്; നടപടിയുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പുമായി ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. മേല്‍ശാന്തിയാകാനുള്ള പ്രവൃത്തിപരിചയം സംബന്ധിച്ച തർക്കമുള്ള രണ്ട് അപേക്ഷകരുടെ പേര് ഉൾപ്പെടുത്തി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നറുക്കെടുപ്പിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താവു എന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന്  പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമ്മയ്ക്കും വൈഷ്ണവിയ്ക്കും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.

പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ – ഗിരീഷ് വിക്രം ദമ്പതികളുടെ മകൻ ഋഷികേശ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകൾ വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

പന്തളം കൊട്ടാരം വലിയ തമ്പുരാന്‍റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 16ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker