കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ പരിപാടിക്കിടെ ഉമാ തോമസ് എം.എല്‍.എയ്ക്ക് പരിക്കുപറ്റിയ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എം.എല്‍.എയ്ക്ക് പരിക്കുപറ്റിയിട്ടും എന്തുകൊണ്ട് പരിപാടി നിര്‍ത്തിവെച്ചില്ലെന്ന് കോടതി ചോദിച്ചു. മൃദംഗനാദം പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ പ്രൊപ്രൈറ്റര്‍ എം. നിഗോഷ് കുമാര്‍, സി.ഇ.ഒ. ഷെമീര്‍ അബ്ദുള്‍ റഹിം, നിഗോഷിന്റെ ഭാര്യ മിനി സി. എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
‘എന്തൊരു ക്രൂരതയാണിത്. ഒരാള്‍ വീണ് തലയക്ക് പരിക്കേറ്റു. അരമണിക്കൂര്‍ നേരത്തേക്ക് പരിപാടി നിര്‍ത്തിവെക്കാമായിരുന്നില്ലേ? എം.എല്‍.എയെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെ കാത്തിരിക്കാമായിരുന്നില്ലേ? പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു? മനുഷ്യ ജീവന് വിലയില്ലേ? എംഎല്‍എയോ ആരോ ആയിക്കോട്ടെ, ഒരു സാധാരണക്കാരനുപോലും പരിക്കുപറ്റിയാല്‍ നിങ്ങള്‍ പരിപാടി നിര്‍ത്തിവെക്കണമായിരുന്നു. തലയിടിച്ചാണ് അവര്‍ വീണത്. അതിന് ശേഷവും നിങ്ങള്‍ ചെണ്ടയും മറ്റുമായി ആഘോഷത്തോടെ പരിപാടി തുടര്‍ന്നു.’, കോടതി കുറ്റപ്പെടുത്തി.
മൃദംഗവിഷന്‍ സംഘടിപ്പിച്ച ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള മെഗാ ഭരതനാട്യ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് മുമ്പാണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് വീണുപരിക്കേറ്റത്. 15 അടിയോളം ഉയരമുള്ള സ്‌റ്റേജില്‍നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. കോണ്‍ക്രീറ്റില്‍ തലയിടിച്ചുവീണ എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചി റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് എം.എല്‍.എ.
പരിപാടിയുടെ ബ്രോഷര്‍ ഹാജരാക്കാന്‍ പ്രതികളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്ത് വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് നര്‍ത്തകരില്‍നിന്ന് പണം വാങ്ങിയതെന്ന് പരിശോധിക്കാനാണ് ബ്രോഷര്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. ജസ്റ്റിസ് പി.വി. ഉണ്ണികൃഷ്ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കോടതി വെള്ളിയാഴ്ച വീണ്ടും വാദം കേള്‍ക്കും.