കൊച്ചി: മയക്കുമരുന്ന് കടത്ത് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ആരോപണം ഗുരുതരമെന്ന് വിലയിരുത്തിയ കോടതി, സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍. റദ്ദാക്കിയത്. പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്ന ആന്റണി രാജുവിന്റെ വാദം കോടതി അംഗീകരിച്ചു.
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി, കൃത്രിമം നടത്തി കേസ് അട്ടിമറിച്ചുവെന്ന ആരോപണമായിരുന്നു ആന്റണി രാജുവിന് എതിരേയുള്ളത്. പോലീസ് കേസെടുത്തത് സാങ്കേതികമായി ശരിയല്ല എന്നാണ് കോടതിയുടെ വിലയിരുത്തല്‍. നിയമപരമായ തടസ്സങ്ങളും സാങ്കേതിക പിഴവുകളും നീക്കി പുതിയ നടപടികളുമായി മുന്നോട്ടു പോകുന്നതിന് യാതൊരു തടസവുമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എഫ്.ഐ.ആര്‍. റദ്ദാക്കിയെങ്കില്‍പ്പോലും തുടര്‍ നടപടി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. ഇതുസംബന്ധിച്ച നിര്‍ദേശം ഹൈക്കോടതി രജിസ്ട്രിക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ നിയമ നടപടികള്‍ ഹൈക്കോടതി രജിസ്ട്രിക്ക് ആരംഭിക്കാം. താത്കാലിക ആശ്വാസം മാത്രമാണ് ഹൈക്കോടതി ഉത്തരവിലൂടെ മന്ത്രിക്ക് ലഭിച്ചിട്ടുള്ളതെന്നാണ് വിലയിരുത്തല്‍.
മയക്കുമരുന്ന് കടത്തിയ കേസില്‍ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍, കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നതാണ് കേസ്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ വര്‍ഷങ്ങളായി ഒരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹൈക്കോടതിയെ സമീപിച്ചത്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഓസ്ട്രേലിയക്കാരന്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലാകുന്നത്. സെഷന്‍സ് കോടതി പ്രതിയെ ശിക്ഷിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ പ്രതിയെ ഹൈക്കോടതി വെറുതേവിട്ടു. അടിവസ്ത്രം പ്രതിക്ക് പാകമാകുന്നതല്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്. ഓസ്ട്രേലിയയിലേക്ക് മടങ്ങിയ പ്രതി അവിടെ കൊലപാതകക്കേസില്‍ അറസ്റ്റിലായതോടെയാണ് തൊണ്ടിമുതല്‍ മാറ്റിയ വിവരം പുറത്തുവരുന്നത്.