കായംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അരിത ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക സലിം കുമാർ നൽകുമെന്ന് വാദ്ഗാനം ചെയ്തതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഈഡൻ ഇക്കാര്യം പങ്കുവച്ചത്. കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാർ അറിയിച്ചിട്ടുണ്ടെന്നും ഹൈബി വ്യക്തമാക്കി. ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
നടൻ സലീം കുമാർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കായം കുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു വിനെ പറ്റി ചോദിച്ചു.
പശുവിനെ വളർത്തി പാൽ വിറ്റ് കുടുംബം പോറ്റുന്ന അരിതയുടെ ജീവിത കഥ ഹൃദയ ഭേദകമാണ്. അത് കൊണ്ടൊക്കെ തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക കൂടുതൽ മികവുറ്റതാകുന്നത്.
തന്റെ അമ്മ ഏറെ ബുദ്ധിമുട്ടി കൂലിവേലയ്ക്ക് പോയാണ് തന്നെ പഠിപ്പിച്ചതെന്നും അരിതയുടെ വാർത്ത കണ്ടപ്പോൾ അമ്മയെ ഓർത്തു പോയെന്നും സലീംകുമാർ പറഞ്ഞു.തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അരിതയ്ക്ക് കെട്ടി വയ്ക്കാനുള്ള തുക നൽകാമെന്നും കായംകുളത്ത് പ്രചാരണത്തിനെത്താമെന്നും സലീം കുമാർ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി. അരിത ബാബുവിന് ഹൃദയം നിറഞ്ഞ വിജയാശംസകൾ