KeralaNews

കനത്ത കാറ്റും മഴയും; എടത്വയിൽ മരങ്ങൾ കടപുഴകി വീണ് 6 വീടുകൾ തകർന്നു, വ്യാപക നാശനഷ്ടം

ആലപ്പുഴ:ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് ആറ് വീടുകൾ തകർന്നു. എടത്വ വീയപുരത്ത് അഞ്ചു വീടുകൾക്ക് മരം വീണ് നാശനഷ്ടമുണ്ടായി. ഒരു ചെറുവള്ളത്തിന്റെ മുകളിൽ മരം വീണ് വള്ളം തകർന്നു. കരകൃഷിയിലും വ്യാപകനഷ്ടമുണ്ടായി.

പലരുടേയും ഏത്തവാഴ കൃഷി നിലംപൊത്തി. വീയപുരം 13-ാം വാർഡിൽ താമല്ലൂർ കൈമ്മൂട്ടിവീട്ടിൽ ആനന്ദവല്ലിയുടെ വീടീന് മുകളിൽ ആഞ്ഞിലിമരം വീണ് മേൽക്കൂര പൂർണ്ണമായി നശിച്ചു. ആനന്ദവല്ലിയുടെ മകൾ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരിക്കെയാണ് മരംവീണത്. ആർക്കും അപകടമില്ല. 

വൈഷണവത്തിൽ പ്രസന്നകുമാർ, ഏഴാം വാർഡിൽ മലാൽ വീട്ടിൽ സണ്ണി, 12-ാം വാർഡിൽ വൃന്ദാവനത്തിൽ ബാലസുന്ദരം, ആറാം വാർഡിൽ കന്നിമേൽ തറയിൽ ചന്ദ്രൻ, തകഴി പഞ്ചായത്ത് ആറാം വാർഡിൽ വിരുപ്പാല തെക്കേനാലുപറയിൽ സുധിഷ് കുമാർ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. സുധിഷ് കുമാറിന്റെ വീടിന് സമീപത്ത് നിന്ന മാവ്, പുളി, അടയ്ക്കാമരം എന്നിവ വീടിന് മുകളിലേക്ക് വീണതിനെ തുടർന്ന് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു.

വരാന്തയിൽ നിന്നിരുന്ന വീട്ടുകാർ മരം വീഴുന്നതു കണ്ട് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി. ഇലക്ട്രിക്- ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കും, വീട്ടുപകരണങ്ങൾക്കും കേട് സംഭവിച്ചിട്ടുണ്ട്. വീയപുരത്ത് കരിപ്പോലിക്കാട്ടിൽ ആനന്ദന്റെ ചെറുവള്ളത്തിന് മുകളിൽ വാഗമരം വീണ് വള്ളം പൊട്ടി തകർന്നു.കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളാണ് കാറ്റിലും മഴയിലും തകർന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.  പത്തനംതിട്ട മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടാണ്.

കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് മാത്രമാണ് പ്രത്യേക മഴ മുന്നറിയിപ്പില്ലാത്തത്. ഇടുക്കിയിൽ പല ഭാഗങ്ങളിലും മഴയുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker