അതിതീവ്ര മഴ ഇന്നും: 3പേരെ കാണാതായി, ഒഴുക്കിൽപെട്ട് കാണാതായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം :കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടൽ. മലവെള്ള പാച്ചിലൽ 2 പേരെ കാണാതായി. കാണാതായ ഒരാളുടെ വീട് പൂർണമായും ഒഴുകി പോയി.ഒഴുക്കിൽ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകൾ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോൾ അമ്മയുടെ കയ്യിൽ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തിൽ ഒഴുകി പോകുകയായിരുന്നു.
വെള്ളറയിലെ മണാലി ചന്ദ്രൻ (55), , താഴെ വെള്ളറയിലെ രാജേഷ് എന്നിവർക്കായി തെരച്ചിൽ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കാണാതായ കണ്ടെത്തുന്നതിനുൾപ്പെടെ സൈന്യത്തിന്‍റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്. കണ്ണൂർ കാഞ്ഞിരപ്പുഴയിൽ വെള്ളം കയറി ഒരു സർവീസ് സെന്‍ററിലെ വാഹനങ്ങൾ ഒഴുകി പോയി. വീടുകൾ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
മലയോരത്ത് നാല് ഇSങ്ങളിലാണ് രാത്രി ഉരുൾപൊട്ടലുണ്ടായത്. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയുടെയും മിലിറ്ററിയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി, അൻപതിലേറെ കടകളിൽ വെള്ളം കയറി. മലയോരത്ത് നിലവിൽ മഴ കുറഞ്ഞിട്ടുണ്ട് . കണ്ണൂർ നെടുമ്പോയിൽ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായില്ല.ഇരിട്ടി, തലശ്ശേരി താലൂക്കുകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആണ്
ഇടുക്കി ആനച്ചാലിൽ മണ്ണിടിച്ചിൽ. പരിക്കേറ്റ ആലീസ് ജോയിയെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പുലർച്ചയോടെ എത്തിച്ചു, പരുക്കേറ്റ വീട്ടമ്മയുടെനില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതേസമയം ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞു. മിക്കയിടത്തും അർധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല .ലോ റേഞ്ചിൽ ദുരിതാശ്വാസക്യാമ്പുകൾ ഒന്നും ഇതുവരെ തുറന്നിട്ടില്ല. 10 മണിക്ക് കുണ്ടള ഡാമിൻറെ 5 ഷട്ടറുകൾ 50 സെൻറീമീറ്റർ വീതം ഉയർത്തും. മലങ്കര ഡാമിൻറെ ഷട്ടർ ഇന്നലെ തുറന്നിരുന്നു. ഇടുക്കിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കാൻ ഉത്തരവ് ഇട്ടു.
കോട്ടയത്ത് മഴ ഇടവിട്ട് പെയ്യുകയാണ്. പാലാ ടൗണിൽ വെള്ളം കയറി . പാലായിൽ റോഡുകളിൽ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലകളിൽ കനത്ത മഴ പെയ്തു. തീക്കോയിയിൽ രാത്രി ഉരുൾ പൊട്ടി. പുഴകളിൽ ജലാനിരപ്പു ഉയർന്ന നിലയിൽ ആണ്. കൂട്ടിക്കലിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിനെ കണ്ടെത്താൻ ആയില്ല. കൂട്ടിക്കൽ ചപ്പാത്തിൽ വെള്ളം കുറഞ്ഞിട്ടുണ്ട്. അതിനിടെ
വൈക്കത്തു നിന്ന് കാണാതായ മത്സ്യ തൊഴിലാളികളെ കണ്ടെത്തിയത് ആശ്വാസകരമായി. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ ഇന്ന് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ യോഗം ചേരും. നലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടുണ്ട്.
തൃശ്ശൂരിൽ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴയുടെ തീവ്രത കൂടി. പറന്പിക്കുളത്ത് നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകി.ചാലകകുടി മേലൂരിലെ എരുമപ്പാടം കോളനിയിലെ 50ലേറെ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി
ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാർഡും, കോസ്റ്റൽ പോലീസും , മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. നാല് പേർ നീന്തിക്കയറിയിരുന്നു. ജില്ലയിലെ തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളം കയറി. ഏറാക്കൽ, അയ്യംപടി, പൈനൂർ, കോഴിത്തുമ്പ്, കായ്പമംഗലം ഭാഗങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്. എടത്തുരുതി, പെരിഞ്ഞനം , ചാവക്കാട് മേഖലകളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. 54 പേരാണ് ക്യാമ്പുകളിൽ ഉള്ളത്.
എറണാകുളത്ത് മഴ കുറഞ്ഞു,നഗരത്തിൽ എവിടെയും വെള്ളക്കെട്ട് ഇല്ല. പെരിയറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആലുവ ശിവക്ഷേത്രം പൂർണ്ണമായി വെള്ളത്തിൽ മുങ്ങി.എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ വെള്ളം കയറിയിട്ടുണ്ട്. സ്റ്റാൻഡിലെ കടകളിലേക്കും വെള്ളം കയറി. കോതമംഗലത്ത് ആലുവ – മൂന്നാർ റോഡിൽ കോഴിപ്പിള്ളിക്കവലക്ക് സമീപം വെള്ളം കയറി.ഇന്ന് പുലർച്ചെ മുതൽ ആണ് വെള്ളം ഉയർന്നത്.കടകളിലും സമീപത്തെ ഏതാനും വീടുകളിലും വെള്ളം കയറി. ഇന്നലെ കാണാതായ ഉരുളൻ തണ്ണി സ്വദേശി പൗലോസിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്
കനത്ത മഴയില് പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കിഴക്കന് വെള്ളത്തിന്റെ വരവ് കൂടുകയും ചെയ്തതോടെ അപ്പർ കുട്ടനാട് മേഖലായിലെ തലവടിയിൽ വെള്ളം കയറി തുടങ്ങി. താഴ്ന്ന പ്രദേശത്തെ ഗ്രാമീണ റോഡുകളും വീടുകളുടെ പരിസരങ്ങളും വെള്ളത്തിലാണ്. ഇതിനിടെ തോട്ടപ്പള്ളി പടിഞ്ഞാറെ കടലിൽ വടക്കേ തോപ്പിൽ എന്ന ബോട്ട് കുടുങ്ങി കിടക്കുകയാണ്.ഇന്നലെ രാത്രി തിരികെ വരികയായിരുന്നു. എന്നാൽ കടൽക്ഷോഭം മൂലം കരയ്ക്ക് അടുക്കാൻ പറ്റുന്നില്ല. ബോട്ടിൽ 6 മലയാളികളും 4 ബംഗാൾ സ്വദേശികളും ഉണ്ട്. രക്ഷക്കായി കോസ്റ്റ് ഗാർഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം പത്തനംതിട്ടയിൽ മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അർധരാത്രി മുതൽ എവിടെയും കാര്യമായി മഴ പെയ്യുന്നില്ല. ഇന്നലെ വെള്ളം കയറിയ സീതത്തോട് മേഖലയിൽ വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി.റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട് . നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്
പാലക്കാട് നെല്ലിയാമ്പതിയിൽ കനത്ത മഴയിൽ നൂറടി പുഴയിൽ ജലനിരപ്പ് ഉയർന്നു. ചെറുനെല്ലിയിലും ഇരുമ്പുപാലത്തിന് സമീപവും മണ്ണിടിഞ്ഞു
തിരുവനന്തപുരത്ത് മലയോര മേഖലകളിൽ കനത്ത മഴ വലിയ ദുരിതമാണുണ്ടാക്കിയത. നിലവിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട് അമ്പൂരി മലയോര മേഖലകളിൽ മഴ തുടരുന്നുണ്ട്. തഹസിൽദാരുട നേതൃത്വത്തിൽ ക്യാംപ് തുടങ്ങി.
സംസ്ഥാനത്ത് അതിതീവ്ര മഴ ഇന്നും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മധ്യ, തെക്കൻ കേരളത്തിനൊപ്പം വടക്കൻ കേരളത്തിലും മഴ കനക്കും. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള 7 ജില്ലകളിൽ ഇന്നും റെഡ് അലർട്ട് ആണ്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.
കഴിഞ്ഞ ദിവസങ്ങളിലേക്കാൾ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. തുടർച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലിൽ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാൽ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,പത്തനംതിട്ട , കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.