അതിതീവ്ര മഴയ്ക്ക് സാധ്യത: സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴമുന്നറിയിപ്പില്‍, വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നാം തീയതി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും നാലാം തീയതി എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
രണ്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും മൂന്നാംതീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും അഞ്ചാം തീയതി കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
- 04-08-2022: തിരുവനന്തപുരം, കൊല്ലം
- 05-08-2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
- 06-08-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.
. മഴക്കെടുതിയിൽ ഇന്ന് നാല് പേരാണ് മരിച്ചത്. കണ്ണൂർ പേരാവൂരിൽ ഉരുൾപൊട്ടലിൽ കാണാതായ രണ്ടര വയസുകാരിയടക്കം രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. മലവെള്ളപ്പാച്ചിലിലാണ് രാജേഷും രണ്ടരവയസുകാരി നുമ തസ്‌ലീന മരിച്ചത്. ഒരാളെ കാണാതാവുകയും ചെയ്തു. ഇയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്. കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു. കോതമംഗലം കുട്ടമ്പുഴ ഉരുളൻ തണ്ണിയിൽ കാണാതായ പൗലോസിന്‍റെ മൃതദേഹം കണ്ടെത്തി. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ മരണം പത്തായി.
അതേസമയം, ഇന്നലെ ചാവക്കാട് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചിൽ തുടരുകയാണ്. ഇവരുടെ വള്ളവും വലയും മാത്രം മുനക്കകടവ് പുലിമുട്ട് ഭാഗത്ത് നിന്ന് മാറി ഒരു അര കിലോമീറ്റർ ദൂരത്ത് അടിഞ്ഞിട്ടുണ്ട്. ഇടുക്കി ആനച്ചാലിൽ മണ്ണിടിഞ്ഞ് പരിക്കേറ്റ വീട്ടമ്മയുടെ നില ഗുരുതരമാണ്. നെടുമ്പാശേരി അത്താണിയിൽ കുറുന്തലക്കാട്ട് ചിറയിൽ കുളിക്കാൻ ഇറങ്ങിയ വൃദ്ധ ഒഴുക്കിൽപ്പെട്ടു. പെരുമ്പാവൂർ ബോയ്സ് ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന മാർത്ത (75) ആണ് ഒഴുക്കിൽ പെട്ടത്. പാലത്തിനടിയിലൂടെ ഏകദേശം 50 മീറ്റർ ദൂരത്തേക്ക് ഒഴുകിപ്പോയി. റോഡിൽ നിന്നും ചിറയിലേക്ക് വീണ് കിടന്ന കേബിളിൽ പിടിച്ച് അവശയായി കിടുക്കുന്ന നിലയിലാണ് പ്രദേശവാസികൾ കണ്ടത്. തുടർന്ന് അഗ്നിശമന സേനയെത്തി രക്ഷപെടുത്തി.
ശക്തമായ മഴയില്‍ എറണാകുളത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. സ്റ്റാന്‍ഡിലെ കടകളിലേക്കും വെള്ളം കയറി. എറണാകുളം ഏലൂരിൽ നൂറോളം വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് രണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പെരിയാറിനോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് രൂക്ഷമായ വെള്ളക്കെട്ട്. ആലുവ ശിവക്ഷേത്രം പൂർണ്ണമായി മുങ്ങി. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും മഴ കുറഞ്ഞു. മലയോരമേഖലകളിൽ ചാറ്റൽ മഴ തുടരുന്നുണ്ട്. ഇന്നലെ വെള്ളം കയറിയ ഇടങ്ങളിൽ നിന്നെല്ലാം വെള്ളം നീങ്ങിത്തുടങ്ങി. വിതുരയിലും അമ്പൂരിയിലും ഓരോ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ശക്തമായ മഴയിൽ പാലക്കാട് ഒലിപ്പാറ പുത്തുൻകോട് ഭാഗത്തുള്ള പതിനാല് വീടുകളിൽ വെള്ളം കയറി. അടിപ്പരണ്ടപ്പുഴയും സമീപത്തെ തോടും കരകവിഞ്ഞാണ് വീടുകളിൽ വെള്ളം എത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ വെള്ളംവരവ് ശക്തമായതോടെ, 14 കുടുംബങ്ങളെ ഒഴിപ്പിച്ചു. അമ്പതോളം പേരെ അടുത്തുള്ള ഒലിപ്പാറ പള്ളി ഹാളിലലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മരിച്ച നാട്ടുകാരനായ ബാബുവിന്‍റെ വീട്ടിലും വെള്ളം കയറിയതോടെ, മൃതദേഹം തൊട്ടടുത്ത പള്ളയിലേക്ക് മാറ്റി. പെട്ടെന്ന് ശക്തമായ മലവെള്ളം വരാൻ കാരണം, നെല്ലിയാമ്പതി കൽച്ചാടി വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതാകം എന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല. മഴ ഭീഷണി നിലനിൽക്കുന്ന സാഹചരുത്തില്‍ നെല്ലിയാമ്പതി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. സഞ്ചാരികൾക്ക് പ്രവേശനമില്ല.
അതേസമയം, തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നല്‍കുന്നത്. മണിമലയാർ നിലവിൽ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താൽ വാമനപുരം , കല്ലട, കരമന അച്ചൻകോവിൽ, പമ്പ നദികളിൽ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ വലിയ അണക്കെട്ടുകൾ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീൻ ഡെപ്യൂട്ടി ഡയറക്ടർ സിനി മനോഷ് പറഞ്ഞു.