കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. കോഴിക്കോട്ട് രണ്ടുപേരും വയനാട്ടില്‍ ഒരാളും മരിച്ചു. വയനാട്ടില്‍ വീടിന്റെ സംരക്ഷണ ഭിത്തി നിര്‍മാണത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് കോളിയാടി നായ്ക്കപ്പടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട്ട് പായല്‍ നിറഞ്ഞ കുളത്തില്‍ വീണ് എടച്ചേരി ആലിശേരി സ്വദേശി അഭിലാഷ് (40) മരിച്ചു. ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് സൈക്കിളില്‍ പോയ അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദും (12) കുളത്തില്‍ വീണാണ് മരിച്ചത്.
കാസര്‍കോട് ശക്തമായ കാറ്റില്‍ തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ഥി മരിച്ചു. കന്നഡ ഓണ്‍ലൈന്‍ മാധ്യമമായ ‘ഡൈജിവേള്‍ഡ്’ റിപ്പോര്‍ട്ടര്‍ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ(13)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുപറമ്പിലാണ് സംഭവം. അച്ഛനൊപ്പം തൊട്ടടുത്തുള്ള കമുകിന്‍ തോട്ടത്തിലേക്ക് പോകുമ്പോള്‍ പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലെ തെങ്ങുകള്‍ പൊട്ടിവീണു. ഷോണിനെ കാണാതെ തിരച്ചില്‍ നടത്തിയപ്പോള്‍ തെങ്ങുകള്‍ക്കടിയില്‍ കിടക്കുന്നതാണ് കണ്ടത്.
ചാവക്കാട്, തിരുവത്ര, പുന്ന , പുതങ്കടപ്പുറം മേഖലകളില്‍ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ക്ക് കനത്ത നാശനഷ്ടം. ഉണ്ടായി. കോഴിക്കോട് കക്കയം ഡാമിന്റെ വ്യഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയായതിനാല്‍ ഡാമില്‍നിന്നു പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ശക്തമായ മഴയില്‍ കുറ്റ്യാടി കായക്കൊടി റോഡില്‍ വെള്ളം കയറി. കല്ലാച്ചി ടൗണും വെള്ളത്തിലാണ്. വയനാട്ടില്‍ 16 ദുരിതാശ്വാസ ക്യാപുകളിലായി 206 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പാലക്കാട് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. 30 സെന്റിമീറ്റര്‍ വീതം വെള്ളമാണ് തുറന്നുവിടുന്നത്. നിലവില്‍ 111.03 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പരമാവധി സംഭരണ ശേഷി എത്തും മുന്‍പ് ഡാം തുറന്നത്.
അതേസമയം, അടുത്ത മണിക്കൂറുകളില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 16: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 17: ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 18: ഇടുക്കി, മലപ്പുറം, കാസര്‍കോട്
ജൂലൈ 19: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 20: ഇടുക്കി, എറണാകുളം, മലപ്പുറം
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. സംസ്ഥാനത്ത് 23 ക്യാമ്പുകള്‍ തുറന്നുവെന്നും കെ രാജന്‍ അറിയിച്ചു. കാറ്റ് പ്രവചനാതീതമാണെന്ന് അറിയിച്ച മന്ത്രി, ഉള്‍മേഖലയിലെ കാറ്റ് പുതിയ പ്രതിഭാസമാണെന്നും ഗസ്റ്റിനാഡോ ചുഴലിക്കാറ്റാണ് ഇതിന് കാരണമെന്നും കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ 14 ഡാമുകള്‍ തുറന്നുവെന്നും റവന്യൂ മന്ത്രി അറിയിച്ചു. മൂഴിയാര്‍ തുറക്കാന്‍ അനുമതി കിട്ടിയിട്ടുണ്ട്. അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ നാല് എന്‍ ഡിആര്‍ എഫ് ടീമുകള്‍ കേരളിഞ്ഞിലുണ്ടെന്നും അടിയന്തര ഘട്ടങ്ങളില്‍ നാല് ലക്ഷം പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നഷ്ടപരിഹാരം പെട്ടെന്ന് നല്‍കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 25000 രൂപ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ദുരന്ത നിവാരണത്തിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച ഹൈക്കോടതിയുടെ വിമര്‍ശനം സൂഷ്മമായി പരിശോധിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. ആര്‍ക്കും ഒരു ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, കോടതി വിധി പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. 85 പേരുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ചിലരുടെ കാര്യത്തില്‍ ഭൂമി കിട്ടാത്ത പ്രശ്‌നം ഉണ്ടെന്നും മന്ത്രി പറഞ്ഞു.