ഹാമിൽട്ടൻ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിന മത്സരം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ടാമതും മഴ പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്. മത്സരം 4.5 ഓവറായപ്പോഴാണ് ആദ്യം മഴയെത്തിയത്. ഈ സമയം വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം കളി വീണ്ടും ആരംഭിച്ചു. 29 ഓവറാക്കി ചുരുക്കിയാണ് മത്സരം ആരംഭിച്ചത്.
എന്നാൽ, 12.5 ഓവറായപ്പോൾ വീണ്ടും മഴയെത്തി. കനത്ത മഴയായതോടെ മത്സരം ഉപേക്ഷിച്ചതായി മാച്ച് റഫറി അറിയിച്ചു. 12.5 ഓവറിൽ ഒന്നിന് 89 എന്ന നിലയിലായിരുന്നു ഇന്ത്യ. 45 റൺസുമായി ശുഭ്മാൻ ഗില്ലും 34 റൺസുമായി സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ. മൂന്ന് റൺസെടുത്ത ക്യാപ്റ്റർ ശിഖർ ധവാനാണ് പുറത്തായത്. പരമ്പരയിൽ ആദ്യമത്സരം ജയിച്ച കീവീസ് മുന്നിലാണ്.
രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ന്യൂസിലന്‍ഡ് ബാറ്റിങ്ങിനയക്കുകയായിരുന്നു. സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയുമാണ് ഇന്ത്യ പുറത്തിരുത്തിയത്. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ഇടംപിടിച്ചു. ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസീലൻഡ‍് ടീമിൽ ആദം മിൽനെയ്ക്കു പകരം മൈക്കൽ ബ്രേസ്‌വെൽ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.
കഴിഞ്ഞ മത്സരത്തിൽ 38 പന്തിൽ 36 റൺസ് സഞ്ജു നേടിയിരുന്നു. ശ്രേയസ് അയ്യരുമായി ചേർന്ന് ഉയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായി. 50 ഓവറിൽ ഏഴുവിക്കറ്റിന് 306 റൺസെടുത്തെങ്കിലും ഏഴുവിക്കറ്റിന് ന്യൂസിലൻഡിനായിരുന്നു ജയം.