മഴ മുന്നറിയിപ്പിൽ മാറ്റം; 13 ജില്ലകളിൽ മഴ ശക്തമാകും, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. 13 ജില്ലകളിൽ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയാണ് ലഭിച്ചത്.
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ മകൻ ദേവനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ചു മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിച്ചത്.
ഓറഞ്ച് അലർട്ടിന് സമാനമായ മഴ പെയ്ത പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പോലുമുണ്ടായിരുന്നില്ല. തൽസ്ഥിതി മുന്നറിയിപ്പിലും നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമായിരുന്നു പ്രവചിച്ചത്. പത്തനംതിട്ടയിലെ വാഴക്കുന്നത് പുലർച്ചെ ലഭിച്ചത് 139 മി.മീ മഴയും കുന്നന്തനാത്ത് 124 മി.മീ മഴയും റാന്നിയിൽ 104 മി.മീ മഴയും ലഭിച്ചു. പെരുമഴ പെയ്ത പത്തനംതിട്ടയിൽ പക്ഷെ യെല്ലോ അലർട്ട് പോലും ഉണ്ടായിരുന്നില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നലെ വൈകീട്ട് പുറത്തിറക്കിയ മഴ മുന്നറിയിപ്പിൽ ഇന്നലെ പത്തനംതിട്ടയിൽ യെല്ലോ അലർട്ട് ഉണ്ട്. പക്ഷെ ഇന്ന് അർധരാത്രി മുതൽ പത്തനംതിട്ടയ്ക്ക് ഉണ്ടായിരുന്നത് പച്ച അലർട്ടാണ്. അതായത് സാധാരണ മഴ മാത്രമാണ് ജില്ലയ്ക്ക് പ്രതീക്ഷിച്ചിരുന്നത് .
രാത്രി 10 മണിക്കും, പുലർച്ചെ 1 മണിക്കും പുറത്തിറക്കിയ തൽസ്ഥിതി മുന്നറിയറിപ്പുകളിലും സംസ്ഥാനത്ത് എവിടെയും ശക്തമായ മഴ പ്രവച്ചിരുന്നില്ല. നേരിയ മഴയ്ക്കും മിതമായ മഴയും മാത്രമാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. ചക്രവാത്ത ചുഴികളുടെ സാന്നിധ്യം മൂലം കാലവര്ഷ കാറ്റിന്റെ ഗതി തടപ്പെടുന്നതിനാൽ ഈ ദിവസങ്ങളിൽ പെടുന്നനെയുള്ള, ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. പക്ഷെ അലർട്ടുകളിൽ അത് പ്രതിഫലിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. കുത്തനെയുള്ള മലമ്പ്രദേശങ്ങളിൽ ഇത്തരം സൂക്ഷമായ മഴ പ്രവിചിക്കുക ദുഷ്കരമാണെന്നാണ് ഐഎംഡിയും ദുരന്ത നിവാരണ അതോറിറ്റിയും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കൂടുതൽ കൃത്യതയാർന്ന വിലയിരുത്തലുകൾ വേണ്ടേ എന്നതാണ് ചോദ്യം. പ്രാദേശിക സംവിധാനങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് വഴി.