GULFNEWS:സൗദിയിൽ കനത്ത മഴ തുടരുന്നു; ജിദ്ദ നഗരത്തിൽ അടിപ്പാതകൾ അടച്ചു
റിയാദ്: സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു. ജിദ്ദ മേഖലയിലാണ് ഏറ്റവും കൂടുതൽ. ജിദ്ദ നഗരത്തിലെ അടിപ്പാതകൾ അടച്ചു. ഞായറാഴ്ച വൈകുന്നേരമാണ് ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടായത്. വ്യാഴാഴ്ച നഗരത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയായി വരികയായിരുന്നു. അതിനിടയിലാണ് വീണ്ടും മഴ കനത്തത്.
ഞായറാഴ്ച രണ്ട് മണിക്കൂറിലധികം ഇടിയോട് കൂടിയ മഴ നീണ്ടു. ഇടവിട്ട് തിമർത്തു ചെയ്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വെള്ളം നിറഞ്ഞു കവിഞ്ഞു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. വെള്ളം കയറിയതിനാൽ പല റോഡുകളും തുരങ്കങ്ങളും പൊലീസ് അടച്ചു.
ചില ഡിസ്ട്രിക്റ്റുകളിലെ താമസക്കാർക്ക് സിവിൽ ഡിഫൻസ് വേണ്ട മുൻകരുതലെടുക്കാൻ മുന്നറിയിപ്പ് സന്ദേശം അയച്ചു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. തിങ്കളാഴ്ചയും മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ കാര്യാലയം അവധി നൽകിയിട്ടുണ്ട്. പകരം ക്ലാസുകൾ ഓൺലൈന്‍ സംവിധാനങ്ങളിലൂടെ വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തണുപ്പുകാലത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടച്ചിട്ട സ്ഥലങ്ങളിൽ കരി കത്തിക്കുന്നത് ഒഴിവാക്കുക, നന്നായി വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ശൈത്യകാലത്ത് ചിലർ വെള്ളം കുടിക്കാൻ മറക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ വെള്ളം എല്ലാ ദിവസവും നൽകണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. ആസ്തമ രോഗികൾ ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് റിയാദ് ഹെൽത്ത് ക്ലസ്റ്റർ ആവശ്യപ്പെട്ടു. ആരോഗ്യനിലയും ആസ്തമ നിയന്ത്രണത്തിന്റെ അളവും നിയന്ത്രിക്കാൻ പതിവായി ഡോക്ടറെ സന്ദർശിക്കണം.
ഡോക്ടർമാർ കുറിച്ചുതന്ന മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. അലർജിയുണ്ടാക്കുന്ന അവസ്ഥകളിൽനിന്ന് വിട്ടുനിൽക്കണം. നെബുലൈസർ പോലുള്ളവ ശരിയായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങളും മരുന്നുകളും ഒഴിവാക്കുക. മാനസിക സംഘർഷങ്ങൾ പരമാവധി കുറക്കുക. ഇൻഫ്ലുവൻസ വാക്സിൻ എടുക്കുക എന്നീ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.