ചെന്നൈ : മിഗ്ജൗമ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. ചെന്നൈയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ 4 പേര്‍ക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി.
വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂര്‍ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു.
നാളെ ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഗ്ജൗമ് കര തൊടുമെന്നാണ് പ്രവചനം. കരയിൽ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയർ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.
അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും നട്ടംതിരിയുന്ന ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ച് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ തെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. “പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്‍റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു.
ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ?”, വിശാല്‍ എക്സില്‍ കുറിച്ചു.