തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മധ്യ, തെക്കന്‍ കേരളത്തിനൊപ്പം വടക്കന്‍ കേരളത്തിലും മഴ കനക്കും.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് ആണ്. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ കൂടിയ മഴ ഇന്നും നാളെയും കിട്ടിയേക്കും. തുടര്‍ച്ചയായ മഴയ്ക്കും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും സാധ്യത ഉണ്ട്. അറബിക്കടലില്‍ നിന്നുള്ള കാറ്റ് ശക്തമാകുന്നതിനാല്‍ തീരദേശ മേഖലകളിലും, കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ മലയോരപ്രദേശങ്ങളിലും അതിജാഗ്രത വേണം. യാതൊരുകരണവശാലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
കണ്ണൂരില്‍ മലയോരത്ത് കനത്ത മഴയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണാതായി. പേരാവൂര്‍ മേലെ വെള്ളറ എസ് ടി കോളനിയില്‍ വീട് തകര്‍ന്ന് ഒരാളെയും നെടുമ്ബ്രഞ്ചാലില്‍ ഒരു കുട്ടിയെയുമാണ് കാണാതായത്. കണിച്ചാര്‍ പഞ്ചായത്തില്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടിയ മേഖലയില്‍ നിന്ന് 4 വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണവം വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ചെക്യേരി കോളനിയിലെ 4 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് 2 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
കാഞ്ഞിരപ്പുഴ കരകവിഞ്ഞ് പേരാവൂര്‍ തുണ്ടിയില്‍ ടൗണ്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.മലവെള്ളമിറങ്ങിയതിനാല്‍ നെടുമ്ബോയില്‍ ചുരം വഴി മാനന്തവാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂരില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴയുടെ തീവ്രത കൂടി. പറന്പിക്കുളത്ത് നിന്ന് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിര്‍ദേശം നല്‍കി.ചാലകകുടി മേലൂരിലെ എരുമപ്പാടം കോളനിയിലെ 50ലേറെ വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് നടപടി
ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡും, കോസ്റ്റല്‍ പോലീസും , മത്സ്യത്തൊഴിലാളികളും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. നാല് പേര്‍ നീന്തിക്കയറിയിരുന്നു. ജില്ലയിലെ തീരദേശ മേഖലയിലെ നിരവധി വീടുകളും റോഡുകളും വെള്ളം കയറി. ഏറാക്കല്‍, അയ്യംപടി, പൈനൂര്‍, കോഴിത്തുമ്ബ്, കായ്പമംഗലം ഭാഗങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്. എടത്തുരുതി, പെരിഞ്ഞനം , ചാവക്കാട് മേഖലകളില്‍ ക്യാമ്ബ് തുറന്നിട്ടുണ്ട്. 54 പേരാണ് ക്യാമ്ബുകളില്‍ ഉള്ളത്.
അതേസമയം പത്തനംതിട്ടയില്‍ മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അര്‍ധരാത്രി മുതല്‍ എവിടെയും കാര്യമായി മഴ പെയ്യുന്നില്ല. ഇന്നലെ വെള്ളം കയറിയ സീതത്തോട് മേഖലയില്‍ വീടുകളില്‍ നിന്ന് വെള്ളം ഇറങ്ങി.റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട് . നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുകയാണ്
ഇടുക്കി ലോ റേഞ്ചിലും മഴ കുറഞ്ഞു. മിക്കയിടത്തും അര്‍ധരാത്രി നിന്ന മഴ പിന്നെ തുടങ്ങിയിട്ടില്ല .ലോ റേഞ്ചില്‍ ദുരിതാശ്വാസക്യാമ്ബുകള്‍ ഒന്നും ഇതുവരെ തുറന്നിട്ടില്ല. 10 മണിക്ക് കുണ്ടള ഡാമിന്‍റെ 5 ഷട്ടറുകള്‍ 50 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തും. മലങ്കര ഡാമിന്‍റെ ഷട്ടര്‍ ഇന്നലെ തുറന്നിരുന്നു
മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ 8 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ,പത്തനംതിട്ട , കോട്ടയം, എറണാകുളം,ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. എംജി, കാലടി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.