കോട്ടയം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്ന കോട്ടയം മെഡിക്കല്‍ കോളേജിന് വീണ്ടും അഭിമാന നിമിഷം. ലോക്ക് ഡൗണിനിടയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാണ് മെഡിക്കല്‍ കോളേജ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവിയായ ഡോ. ടി കെ ജയകുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചത്.
തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയം ഇനി മുതല്‍ അതിരമ്പുഴ തെള്ളകം കൊറ്റിയാത്ത് കെ.സി ജോസിന്റെ ശരീരത്തില്‍ പ്രവര്‍ത്തിക്കും. ബൈക്കപടത്തില്‍ പരുക്കേറ്റ ശ്രീകുമാര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌ക മരണത്തെ തുടര്‍ന്നാണ് ഹൃദയം മറ്റൊരാള്‍ക്ക് നല്‍കാന്‍ കുടുംബം തീരുമാനിച്ചത്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശം ലഭിച്ചത്. പിന്നീട് പരിശോധനയ്ക്ക് ശേഷം ഡോ. ജയകുമാറിന്റെ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. പിന്നീട് ഇന്ന് പുലര്‍ച്ചെയോടെയാണ് ഹൃദയവുമായി സംഘം കോട്ടയത്തേക്ക് യാത്ര തുടങ്ങിയത്. പുലര്‍ച്ചെ തന്നെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. മസ്തിഷ്‌ക മരണം സംഭവിച്ച ആള്‍ക്കും ഹൃദയം സ്വീകരിക്കുന്ന വ്യക്തിക്കും കൊവിഡ് പരിശോധനയും നടത്തിയിരുന്നു.