മഴക്കാലത്ത് പകര്‍ച്ചാവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി;ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കൂടുന്നു
തിരുവനന്തപുരം: മഴക്കാലത്ത് വിവിധ തരം പകര്‍ച്ചാവ്യാധികൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Health Minister Veena George). ഡെങ്കിപ്പനിയും എലിപ്പനി സൂക്ഷിച്ചില്ലെങ്കിൽ കൂടുതൽ പടരാൻ സാധ്യതയുണ്ട്.
മഴക്കാലവും പകര്‍ച്ചവ്യാധികൾക്കുള്ള സാധ്യതയും കണക്കിലെടുത്ത് ഉറവിട മാലിന്യ നശീകരണം തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യവകുപ്പ് നടത്തുന്നുണ്ട്. ആരും പനിക്ക് സ്വയം ചികിത്സ നടത്താൻ ശ്രമിക്കരുതെന്നും കടുത്ത പനി വരികയോ പനി മാറാതെ തുടരുകയോ ചെയ്താൽ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യക ചികിത്സ കേന്ദ്രങ്ങൾ വേണം. എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം. മണ്ണുമായും ജലവുമായും ബന്ധപ്പെട് ജോലി ചെയ്യുന്നവർ പ്രതിരോധ മരുന്ന് കഴിക്കണം. വീട്ടിനുള്ളിൽ കൊതുക് വളരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
വരുന്ന നാലു മാസം സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടാൻ സാധ്യതയുണ്ട്. പനിയില്ലാതെ ദേഹ വേദനയുമായി വരുന്ന പലർക്കും പരിശോധനയിൽ എലിപ്പനി കണ്ടെത്തിയിട്ടുണ്ട്. ആർദ്രം പദ്ധതിയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭക്ഷണങ്ങളുടെ നിലവാരവും വൃത്തിയും അടിസ്ഥാനമാക്കി ഹോട്ടലുകളുടെ ഗ്രേഡിംഗ് മാനദണ്ഡത്തിൽ സർക്കുലർ ഉടൻ പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡിനെതിരെ ജാഗ്രത തുടരുകയാണ്. ഇന്നലെ സംസ്ഥാനത്ത് 321 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിൻ്റെ കൊവിഡ് കണക്കുകൾ വളരെ കൃത്യമാണ്. ആരോഗ്യസംരക്ഷണത്തിൽ കേരളം രാജ്യത്ത് തന്നെ ഒന്നാമതാണെന്നും അരവിന്ദ് കെജ്രിവാളിൻ്റെ പ്രസ്താവന തള്ളി ആരോഗ്യമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ വീണ ജോര്‍ജ് പ്രതികരിക്കാൻ തയ്യാറായില്ല. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നും തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യങ്ങളിലാണ് തൻ്റെ ശ്രദ്ധയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.