‘അവൻ ഒരു മെയിൽഷോവനിസ്റ്റാണെന്ന് തോന്നുന്നു, എനിക്ക് അടികിട്ടിയപ്പോൾ വിഷമിച്ചത് അവൻ മാത്രം’ ബേസിൽ ജോസഫ്!
കൊച്ചി:2022ൽ തിയേറ്ററുകളിൽ എത്തിയതിൽ ഏറ്റവും ഹിറ്റായതും നിരൂപക പ്രശംസ നേടിയതുമായ സിനിമയായിരുന്നു ബേസിൽ ജോസഫ് നായകനായ ജയ ജയ ജയ ജയ ഹേ. തുടക്കം മുതൽ അവസാനം വരെ മനസറിഞ്ഞ് ചിരിക്കാൻ സാധിക്കും.
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കപ്പെടാതെ മറ്റുള്ളവരുടെ ആഗ്രഹത്തിനും പ്രതീക്ഷക്കുമൊക്കെ ഒരു അടിമയെ പോലെ യാധൊരുവിധ സ്വാതന്ത്ര്യവും ലഭിക്കാതെ ജീവിക്കേണ്ടി വന്നാൽ ആരായാലും പ്രതികരിച്ച് പോകും…. ആ വീർപ്പുമുട്ടലനേയും അസ്വസ്ഥതയേയുമൊക്കെ വളരെ രസമായി അവതരിപ്പിച്ച സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. സിനിമ തുടങ്ങി അവസാനിക്കും വരെ ചിരി നിർത്താൻ കഴിയാത്ത അവസ്ഥയായിരുന്നു പ്രേക്ഷകന്.
ആ ചിരിയിലും ഒരുപാട് ചിന്തിക്കാനുള്ള കാര്യങ്ങളെ കോർത്തിണക്കി വളരെ ഭംഗിയായാണ് ജയയുടേയും രാജേഷിന്റെയും കുടുംബ ജീവിതം സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ദർശന രാജേന്ദ്രനായിരുന്നു സിനിമയിൽ ബേസിലിന്റെ നായിക. ജയ ജയ ജയ ജയ ഹേ കണ്ടിറങ്ങുന്ന ആർക്കും ബേസിലിന്റെ രാജേഷിനെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ രണ്ട് പൊട്ടിക്കാമായിരുന്നുവെന്ന് തോന്നൽ വരും.
സിനിമ കണ്ടിറങ്ങിയ ശേഷം തന്റെ കുടുംബത്തിലെ തന്നെ പലർക്കും തന്റെ കഥാപാത്രം ഇഷ്ടപ്പെടാതെ പോയപ്പോൾ ഒരാൾ മാത്രമാണ് തന്റെ കഥാപാത്രത്തെ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചത് എന്നാണ് ബേസിൽ പറയുന്നത്.
കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ദർശനയുടെ അടികിട്ടിയപ്പോൾ ആത്മാർഥമായി വിഷമിച്ച വ്യക്തിയെ കുറിച്ച് ബേസിൽ ജോസഫ് വെളിപ്പെടുത്തിയത്. തന്റെ ചേച്ചിയുടെ മൂത്തമകനാണ് ജയ ജയ ജയ ജയ ഹേ താൻ ദർശനയെ തല്ലുന്നത് കണ്ട് കൈയ്യടിച്ച ഒരേയൊരു വ്യക്തി എന്നാണ് ബേസിൽ പറയുന്നത്.
മാമാ കമോൺ…. എന്നൊക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നും ബേസിൽ കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ജയ ജയ ജയ ജയ ഹേ കണ്ടപ്പോൾ എനിക്ക് വേണ്ടി കൈയ്യടിച്ചത് എന്റെ ചേച്ചിയുടെ മകൻ മാത്രമാണ്. അവൻ ഒരു മെയിൽഷോവനിസ്റ്റാകുമോയെന്ന് എനിക്ക് സംശയമുണ്ട്.’
‘തിയേറ്ററിൽ പോയപ്പോൾ ദർശനയ്ക്ക് അടി കിട്ടുന്ന സമയത്തും പാത്രം വലിച്ചെറിഞ്ഞ സീനിലുമെല്ലാം മറ്റുള്ള ഓഡിയൻസ് സൈലന്റായി ഇരിക്കുകയാണ്. ഇവൻ മാത്രം അവിടിരുന്ന് മാമാ കമോൺ… കൊടുക്ക് അവൾക്കിട്ട്… എന്നൊക്കെ പറയുകയായിരുന്നു. പക്ഷെ അവന്റെ അനിയൻ പക്ഷെ ഒന്നും മിണ്ടിയൊന്നും ഇല്ല. എനിക്ക് ചവിട്ട് കിട്ടിയപ്പോൾ അവൻ കൈയ്യടിച്ചു.’
‘പക്ഷെ മൂത്തവന് മാത്രം എനിക്ക് ഇടി കിട്ടിയപ്പോൾ വിഷമമായി. മാമന് ഇടികൊണ്ടല്ലോ ഈശ്വര എന്ന അവസ്ഥയായിരുന്നു മൂത്തവന്. അവന് മാത്രമെ എന്നോട് സ്നേഹമുള്ളു’ ബേസിൽ ജോസഫ് പറഞ്ഞു. വയനാട് സുൽത്താൻ ബെത്തേരിയിൽ ജനിച്ച് വളർന്ന ബേസിൽ തിരയിൽ വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് കരിയർ ആരംഭിച്ചത്.
മിന്നൽ മുരളി അടക്കം മൂന്ന് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ബേസിലിന്റെ സംവിധാനത്തിൽ സിനിമ വരുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയരും. മിന്നൽ മുരളിക്ക് പാൻ ഇന്ത്യൻ ലെവലിൽ റീച്ച് കിട്ടിയിരുന്നു. അടുത്തിടെയാണ് ബേസിലിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്.
ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകൾക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന കഠിന കഠോരമീ അണ്ഡകടാഹമാണ് ബേസിലിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.