
കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് തിങ്കളാഴ്ച പൊലീസിന് മുന്നിൽ ഹാജരാകും. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പി സി ജോർജ് പൊലീസിന് അപേക്ഷ നൽകി. ഇന്ന് രണ്ട് തവണ പൊലീസ് വീട്ടിൽ എത്തിയിട്ടും പി സി ജോർജ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. പി സി ജോർജ് നിലവിൽ വീട്ടിലില്ല.
മതവിദ്വേഷ പരാമർശത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പൊലീസ് നീക്കം. ഇന്നലെ പി സി ജോർജിന്‍റെ മുൻകൂർ ജാമ്യം അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോർജിന്‍റെ വാദം. പരാമർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.